കൊല്ലം: കൊല്ലം കടയ്ക്കലിൽ ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞ് വീണ് മരിച്ച പോലീസുകാരനും സുഹൃത്തുക്കളും കുടിച്ചത് സർജിക്കൽ സ്പിരിറ്റെന്ന് കണ്ടെത്തി. മരിച്ച പോലീസുകാരനായ അഖിലിനോടൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവാണ് സർജിക്കൽ സ്പിരിറ്റ് എത്തിച്ചതെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് പോലീസ് ഇവർ മദ്യപിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തി.
വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയ അഖിൽ കൂട്ടുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ മദ്യം ലഭിക്കുമോ എന്ന് ചോദിച്ചത് പ്രകാരമാണ് വിഷ്ണു മദ്യം എത്തിച്ചത്. വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന സ്പിരിറ്റ് സുഹൃത്തുക്കൾക്ക് നൽകുകയായിരുന്നു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന സുഹൃത്തായ യുവതിയിൽനിന്നാണ് വിഷ്ണുവിന് സ്പിരിറ്റ് ലഭിച്ചത്. രണ്ട് ദിവസം മുമ്പ് സ്പിരിറ്റ് കുടിച്ചുനോക്കി ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ വിഷ്ണു അധികം കുടിച്ചിരുന്നില്ല. എന്നാൽ അഖിലും മറ്റൊരു സുഹൃത്ത് ഗിരീഷും അമിതമായി സ്പിരിറ്റ് കഴിച്ചു. ഇതിനുപിന്നാലെയാണ് ഇരുവരും അവശനിലയിലായത്.
ദുരൂഹസാഹചര്യത്തിൽ കുഴഞ്ഞുവീണ അഖിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ ഗിരീഷിനെ ഛർദ്ദി അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
Discussion about this post