കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരു മൈക്രോ പ്രൊസസര്‍ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്ന് എന്‍ഐഎ സംഘം. എറണാകുളത്തെ എന്‍ഐഎ കോടതിയിലാണ് അന്വേഷഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ദേശീയ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ഉണ്ടായോ എന്ന് പരിശോധിക്കുകയാണെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു.
മൈക്രോ പ്രൊസസര്‍ കണ്ടെത്തേണ്ടതിനാല്‍ പ്രതികളെ കോടതി ഏഴ് ദിവസം കൂടി എന്‍ഐഎ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. നിര്‍മ്മാണത്തിലിരിക്കുന്ന കപ്പലില്‍ നിന്ന് ആകെ 20 ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഇതില്‍ 19 എണ്ണവും കണ്ടെത്തിയിട്ടുണ്ട്. ഇനി കിട്ടാനുള്ള മൈക്രോ പ്രൊസസര്‍ പ്രതികള്‍ ഒഎല്‍എക്സ് വഴി വില്‍പ്പന നടത്തിയതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
എന്‍ഐഎയുടെ പിടിയിലായ രണ്ട് പ്രതികളും കൊച്ചി കപ്പല്‍ശാലയില്‍ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്നു. വേതനത്തെച്ചൊല്ലി കരാറുകാരനുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മോഷണം നടത്തിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. 2019 സെപ്റ്റംബറിലാണ് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ മോഷണം നടന്നത്. വിമാനവാഹിനിക്കപ്പലില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകളും ചില അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്.
കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ‘ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റ’ത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളായിരുന്നു മോഷണം പോയത്. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 2009ലാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം കപ്പല്‍ശാലയില്‍ ആരംഭിച്ചത്.