രാജ്യത്തുടനീളം മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാലത്ത്, ഈ വിവാഹമൊരു രാഷ്ട്രീയ നിലപാട് കൂടെയാവുന്നു, പ്രിയപ്പെട്ട സഖാക്കള്‍ക്ക് നൂറായിരം മംഗളാശംസകള്‍; എംഎല്‍എ കെയു ജനീഷ് കുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ക്ലിഫ് ഹൗസില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

ഇരുവരുടെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്തുടനീളം മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത്, ഈ വിവാഹമൊരു രാഷ്ട്രീയ നിലപാട് കൂടെയാണെന്ന് പറയുകയാണ് കോന്നി എംഎല്‍എ കെയു ജനീഷ് കുമാര്‍.

ഫേസ്ബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. വിവാഹം ഓരോരുത്തരുടെയും സ്വകാര്യമായ തീരുമാനമാണ്. പക്ഷേ സ: റിയാസിന്റെയും വീണാ വിജയന്റെയും ഈ തീരുമാനത്തില്‍ അതിയായി സന്തോഷിക്കുന്നത് ഈ നാട്ടില്‍ മതേതരമായി ചിന്തിക്കുന്ന പൊതുമനസുകളായിരിക്കുമെന്ന് കെയു ജനീഷ് കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിവാഹം ഓരോരുത്തരുടെയും സ്വകാര്യമായ തീരുമാനമാണ്. പക്ഷേ സ: റിയാസിന്റെയും വീണാ വിജയന്റെയും ഈ തീരുമാനത്തില്‍ അതിയായി സന്തോഷിക്കുന്നത് ഈ നാട്ടില്‍ മതേതരമായി ചിന്തിക്കുന്ന പൊതുമനസുകളായിരിക്കും എന്നെനിക്ക് തോന്നുന്നു. കൂട്ടത്തില്‍ മതേതരമായ ഐക്യം വിശ്വാസപരമായി വേറെ ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും അനിവാര്യമാണ് എന്ന് കരുതുന്ന എല്ലാ മതവിശ്വാസികളും സന്തോഷിക്കുന്നുണ്ടാകാം. അപരത്വരാഷ്ട്രീയ കാലത്തെ വീടിന്റെ ഉള്ളിലേക്ക് വളര്‍ന്ന ഒരുമയുടെ സന്ദേശം പ്രധാനമാണ് എന്നും കരുതുന്നു.

തന്റെ പങ്കാളി മറ്റൊരു ജാതിയോ മതമോ ആവുന്നത് അങ്ങനെയാല്ലാത്ത വിവാഹങ്ങളേക്കാള്‍ ആദര്‍ശപൂരിതമാണെന്ന് വിശ്വസിക്കുന്നില്ല. പക്ഷേ, അത്തരം വിവാഹങ്ങള്‍ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നു എന്നത് സത്യമാണ്.

പലരും പലപ്പോഴായി inter caste, inter religious വിവാഹങ്ങളില്‍ പ്രകടിപ്പിച്ചു കണ്ടിട്ടുള്ള പ്രധാന വിഷയങ്ങള്‍ രക്ഷിതാക്കളുടെ എതിര്‍പ്പുകള്‍, വിഷമങ്ങള്‍ എന്നിവയൊക്കെയാണ്. കേരളത്തിലെ ഏറ്റവും പ്രിവിലേജ് അലങ്കരിക്കുന്നുണ്ട് എന്ന് വലതുപക്ഷം വെറുതെ ധരിക്കുന്ന ഒരു കുടുംബത്തിലേക്കാണ് ഒരു അതിഥി എല്ലാ ഭേദങ്ങളും മറികടന്ന് വരുന്നത്. നവോത്ഥാനന്തര കാലത്തിലും നമ്മുടെ സമൂഹം, മതേതരവിവാഹങ്ങള്‍ പലപ്പോഴും ഇത്തരം കാര്യങ്ങളുടെ വാലില്‍ കെട്ടി ആക്രമിക്കുന്ന കാഴ്ചകള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
പക്ഷേ ഇവിടെ, സഖാവ് റിയാസിന്റെയും വീണയുടേയും വിഷയങ്ങളില്‍ നാടിന്റെ മുഖ്യമന്ത്രി കൂടെയായ വീണയുടെ അച്ഛനുള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തെ എത്ര വൃത്തികെട്ട രീതിയിലാണ് നമ്മുടെ സമൂഹമാധ്യമങ്ങളിലൂടെ ചില ആളുകള്‍ കൈകാര്യം ചെയ്തത്? നിറം പിടിപ്പിച്ച എത്ര കഥകള്‍ പ്രചരിപ്പിച്ചു? എത്ര വ്യക്ത്യാധിക്ഷേപങ്ങള്‍ ചൊരിഞ്ഞു?

പക്ഷേ ഇരുവരുമുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം കൂടെയുള്ളിടത്തോളം കാലം തളരുകയില്ല.. ഇവരിരുവര്‍ക്കും കൂടെ അണിനിരക്കുന്ന സഖാക്കളുള്ളിടത്തോളം കാലം തളര്‍ത്താനുമാവില്ല..

സാമൂഹികമായി ഒരു രാഷ്ട്രീയനേതാവ് തന്റെ ബന്ധപെട്ടവരിലേക്ക് പകരുന്ന ഉള്‍ക്കാഴ്ചയും ഇവിടെ പ്രധാനമാണ്. ഓരോരുത്തരും ഓരോ വ്യക്തിയാണ് എന്ന മൗലികചിന്തക്ക് ഒപ്പം തന്നെ, ആ വ്യക്തിത്വത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്ന വഴിയിലെ മനുഷ്യര്‍ പ്രധാനമാണ് എന്ന് പറയാം. റിയാസിനും വീണക്കും ആ വഴി മികച്ചതായി അനുഭവപ്പെടുന്നതില്‍ വ്യക്തിപരമായി അത്ഭുതമില്ല. പിണറായി വിജയന്‍ എന്ന വ്യക്തി എല്ലാ അര്‍ത്ഥത്തിലും അപരവല്‍കരണലോകത്ത്, മാറ്റി നിര്‍ത്തപ്പെടേണ്ട വര്‍ഗ്ഗവും സമൂഹവും ഉണ്ട് എന്ന് കരുതുന്ന ഇടത്ത് രാഷ്ട്രീയപരമായി ജാതി-മത വിഭിന്നമായി ഉയര്‍ന്ന് വന്ന നേതാവാണ്, അവിടെ നിന്ന് ബന്ധങ്ങളുടെ കാര്യത്തില്‍ എടുക്കാനാവുന്ന മാതൃകയില്‍ ഗംഭീരമായ ചിന്തയുണ്ട് എന്ന് ഞാന്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന അര്‍ത്ഥത്തില്‍ വിചാരിക്കുന്നു.

രാജ്യത്തുടനീളം മതത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത്, ഈ വിവാഹമൊരു രാഷ്ട്രീയ നിലപാട് കൂടെയാവുന്നു.

പ്രിയപ്പെട്ട സഖാക്കള്‍ക്ക് നൂറായിരം മംഗളാശംസകള്‍..
അഭിവാദ്യങ്ങള്‍..

KU ജനീഷ് കുമാര്‍

Exit mobile version