വീടുവിട്ടിറങ്ങിയ ശേഷം ചോലമരത്തിന്റെ പൊത്തില്‍ പകല്‍ തങ്ങി, രാത്രി ശുചിമുറിയില്‍ ഒളിച്ചു, അടുത്ത ദിവസം തൂങ്ങിമരിച്ചു, അടിമാലിയിലെ പതിനേഴുകാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

തൊടുപുഴ: അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. പതിനേഴുകാരിക്ക് ആരാണ് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയത് എന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

പതിനേഴ് വയസ്സുകാരിയും അയല്‍വാസിയും കൂട്ടുകാരിയും ബന്ധുവുമായ 21കാരിയും നിരന്തരം ഫോണ്‍ ഉപയോഗിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഫോണ്‍ ഉപയോഗിക്കുന്നതു കണ്ട കൃഷ്ണപ്രിയയുടെ മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 11 മുതല്‍ ഇരുവരെയും കാണാതായി.

പെണ്‍കുട്ടികളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് ഇവരെ വഴിയില്‍ കണ്ടെത്തി പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവിന്റെ വീട്ടില്‍ താമസിപ്പിച്ചു. അടുത്ത ദിവസം കൗണ്‍സലിംഗിന് കൊണ്ടുപോകാന്‍ വീട്ടിലെത്തിച്ചപ്പോള്‍ കൃഷ്ണപ്രിയ സമീപമുള്ള മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

സുഹൃത്ത് വീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടി നിലത്തുവീണു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച കൂട്ടുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പോലീസ് പറയുന്നു. കൃഷ്ണപ്രിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ബന്ധുക്കള്‍ പറയുന്നത്.

11ന് വീടുവിട്ട് ഇറങ്ങിയ രണ്ടുപേരും സമീപമുള്ള വനത്തിലെ ചോലമരത്തിന്റെ പൊത്തില്‍ പകല്‍ തങ്ങിയെന്നും രാത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ശുചിമുറിയില്‍ ഒളിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവിനോട് വെളിപ്പെടുത്തിയിരുന്നു.

ഇത് പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിന് മൊഴി നല്കി. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ദുരൂഹത നീക്കാന്‍ അന്വേഷണം നടത്തുമെന്നും സി ഐ അനില്‍ ജോര്‍ജ് പറഞ്ഞു

Exit mobile version