കൊല്ലം: കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ് പോലീസുകാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങി. സ്പിരിറ്റ് കലര്‍ന്ന മദ്യം കുടിച്ചതിനെ തുടര്‍ന്നാണ് പോലീസുകാരന്‍ മരണപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം റിസര്‍വ് ബറ്റാലിയനിലെ പോലീസുകാരന്‍, ഇട്ടിവ ചരിപ്പറമ്പ് രോഹിണിയില്‍ ചന്ദ്രന്‍ പിള്ളയുടെ മകന്‍ അഖില്‍ (കണ്ണന്‍-35) ആണ് മരിച്ചത്.
സംഭവത്തില്‍ പോലീസുകാരനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. വെള്ളിയാഴ്ച ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിയ അഖിലിന് ശനിയാഴ്ച ഛര്‍ദ്ദിയുണ്ടായി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ ഗിരീഷി(28)നെയും ഛര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കൊറോണ ഭീതി നിലനില്‍ക്കെ സംഭവം നടന്നതില്‍ വലിയ ആശങ്കയ്ക്കും വഴിവെച്ചിരുന്നു. ആ ആശങ്കകളാണ് ഇപ്പോള്‍ വഴിമാറിയത്.