പുറത്ത് മഴയാണെങ്കില്‍ അകത്തും വെള്ളം, ഓലപ്പുരയുടെ ഓലകളെല്ലാം ദ്രവിച്ച് ഈര്‍ക്കിളുകള്‍ മാത്രമായി, തുമ്പിക്കും അച്ഛാച്ഛനും അച്ഛമ്മയ്ക്കും നനയാതെ കഴിയാന്‍ ഒരു വീട് വേണം

തൃശ്ശൂര്‍: പുറത്ത് മഴ പെയ്താല്‍ അകത്തും പെയ്യും, ഓലപ്പുരയുടെ ഓലകളെല്ലാം ദ്രവിച്ച് ഈര്‍ക്കിളുകള്‍ മാത്രമായി മാറിയിരിക്കുകയാണ്. കീറിപ്പറിഞ്ഞ ടാര്‍പോളിന്‍ ഷീറ്റുകള്‍ അവിടവിടെയായി വിരിച്ചിട്ടുണ്ട്. തറമുട്ടാത്ത തകരഷീറ്റുകള്‍ക്ക് താഴെ പാമ്പുകള്‍ കയറാതിരിക്കാന്‍ ഇഷ്ടികയും കല്ലുകളും നിരത്തിയിരിക്കുന്നു.

മുളക്കുറ്റികളും കവുങ്ങിന്‍ കുറ്റികളുമാണ് കൊച്ചുകൂരയെ താങ്ങുന്നത്. തുമ്പിയുടേയും അച്ഛമ്മയുടേയും അച്ഛാച്ഛന്റെയും വീടാണിത്. പെരിഞ്ചേരി എ.യു.പി. സ്‌കൂളില്‍ ആറിലാണ് തുമ്പി എന്ന നിവേദ്യ പഠിക്കുന്നത്. അമ്മ രാഗി ഉപേക്ഷിച്ചു പോയി. മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ബൈജു വീടിനുള്ളില്‍ തൂങ്ങിമരിച്ചു.

നാല്‍പ്പത് വര്‍ഷമായി തുമ്പിയുടെ അച്ഛാച്ഛനും അച്ഛമ്മയും പുറമ്പോക്കിലാണ് താമസം. അച്ഛനും അമ്മയും വിട്ടുപോയതോടെ അച്ഛാച്ഛന്റെയും അച്ഛമ്മയുടെയും കൂടെയായി തുമ്പിയുടെ താമസം. അച്ഛാച്ഛന്‍ കൂലിപ്പണിക്ക് പോകും. അച്ഛമ്മയ്ക്ക് മരക്കമ്പനിയില്‍ വിറക് കെട്ടലായിരുന്നു ജോലി. ലോക്ഡൗണ്‍ ആയതോടെ അതില്ലാതായി.

അടച്ചുറപ്പുള്ള ഒരു വീടിനായി അവിണിശ്ശേരി പഞ്ചായത്തില്‍ സഹായത്തിനപേക്ഷിച്ചിട്ടൊന്നും ഫലമുണ്ടായിട്ടില്ല. ഓണ്‍ലൈനില്‍ പഠനം തുടങ്ങിയെങ്കിലും തുമ്പിക്ക് പഠിക്കാന്‍ വീട്ടില്‍ ടിവിയുണ്ടായിരുന്നില്ല. ദുരിതങ്ങള്‍ ഏറെയുണ്ടെങ്കിലും തുമ്പിക്ക് പഠനസൗകര്യമൊരുക്കാന്‍ തവണവ്യവസ്ഥയില്‍ അച്ഛാച്ഛനും അച്ഛമ്മയും ചേര്‍ന്ന് ടി.വി. വാങ്ങി.

എന്നാല്‍ ഇപ്പോഴതിന്റെ തവണയടയ്ക്കുന്നതെങ്ങനെയെന്ന വിഷമത്തിലാണ് അച്ഛാച്ഛനും അച്ഛമ്മയും. പഠിക്കാന്‍ മിടുക്കിയായ തുമ്പിയെ കഷ്ടപ്പെട്ടിട്ടാണെങ്കിലും പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണമെന്നാണ് രണ്ടുപേരുടേയും ആഗ്രഹം.

Exit mobile version