കോഴിക്കോട്: ഓണ്‍ലൈനില്‍ വ്യായാമത്തിനുള്ള ഉപകരണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം. കോഴിക്കോട് മാവൂര്‍ സ്വദേശി രാഹുലാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പറ്റിക്കപ്പെട്ടത്. വ്യായാമത്തിനുള്ള ഉപകരണമാണെന്ന് വിചാരിച്ച് കവര്‍ തുറന്ന് നോക്കിയ രാഹുല്‍ ചാണകം കണ്ട് അമ്പരുന്നു.
ജൂണ്‍ മൂന്നിനാണ് ഓണ്‍ലൈനിലൂടെ മാവൂര്‍ സ്വദേശി രാഹുല്‍ വ്യായാമത്തിനായുള്ള ഉപകരണം ഓര്‍ഡര്‍ ചെയ്യുന്നത്. 399 രൂപയായിരുന്നു വര്‍ക്കൗട്ട് മെഷീന്റെ വില. ഡെലിവറി ചാര്‍ജ് അടക്കം 484 രൂപയാണ് ഉപകരണത്തിനായി രാഹുല്‍ നല്‍കിയത്.
ഓര്‍ഡര്‍ ചെയ്ത സാധനം പറഞ്ഞ ദിവസം തന്നെ കയ്യിലെത്തി. ഒപ്പിട്ട് സാധനം വാങ്ങിയതുമുതല്‍ കവറിനുള്ളിലുള്ളത് വര്‍ക്കൗട്ട് മെഷീന് തന്നെയാണോന്ന് രാഹുലിന് ചെറിയ സംശയം തോന്നിയിരുന്നു. പാഴ്സലായി വന്ന വസ്തുവിന് ഭാരമില്ലായിരുന്നു.
സംശയം തോന്നിയതോടെ സ്ഥലത്ത് വെച്ച് തന്നെ കവര്‍ പൊട്ടിച്ചു. അപ്പോഴാണ് താന്‍ പണം കൊടുത്ത് വാങ്ങിയത് ചാണകമാണെന്ന് മനസ്സിലായത്. നിയമപരമായി നീങ്ങാനാണ് രാഹുലിന്റെ തീരുമാനം. മുക്കത്തെ കേബിള്‍ ടിവി ഓഫീസില്‍ ടെക്നിക്കല്‍ സ്റ്റാഫായി ജോലിചെയ്യുകയാണ് രാഹുല്‍.
Discussion about this post