ശ്രീകണ്ഠാപുരം: കണ്ണൂര്‍ കൂട്ടുപുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുണ്‍(19) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇതില്‍ മനീഷിന്റെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറ്റു രണ്ടുപേരെയും വൈകിട്ടോടെയാണ് കണ്ടെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളികളാണ് മൂവരും. പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ വെളളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കിപെട്ട് ഇവരെ കാണാതായത്.
നാല് പേര്‍ കൂടിയായിരുന്നു കുളിക്കാനായി എത്തിയത്. എന്നാല്‍ മനീഷും വഞ്ചിയം സ്വദേശി സനൂപും പൈസക്കരി സ്വദേശി അരുണും കുളിക്കാന്‍ ഇറങ്ങി. ഇവര്‍ക്കൊപ്പം എത്തിയ അജിത്ത് എന്നയാള്‍ പുഴയില്‍ ഇറങ്ങിയിരുന്നില്ല. ഒഴുക്കില്‍ പെട്ട കാര്യം ഇയാളാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പോലീസും അഗ്‌നിസുരക്ഷാ സേനയും എത്തി രാത്രി ഒന്‍പത് മണിവരെ തെരച്ചില്‍ നടത്തി. തുടര്‍ന്ന് നിര്‍ത്തിവെച്ച തെരച്ചില്‍ രാവിലെ പുനരാരംഭിക്കുകയായിരുന്നു.