കൊച്ചി; തുടര്‍ച്ചയായ ഏഴാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനജീവിതം വഴിമുട്ടിനില്‍ക്കേ, ജനങ്ങളെ സേവിക്കേണ്ട സര്‍ക്കാര്‍ തന്നെ ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്നത് ദുഃഖകരമാണെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചത് തികച്ചും വേദനാജനകമാണ്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 38 ഡോളറായി കുറഞ്ഞ സമയത്ത് തുടര്‍ച്ചയായി ഇന്ധനവില കൂട്ടുന്നതിന്റെ പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്താണെന്ന് അറിയേണ്ടിയിരിക്കുന്നു. എന്തിനാണ് ഈ ദുരിതകാലത്ത് ഇത്തരം ഒരു ഇരുട്ടടി?
കോവിഡിന്റെ പശ്ചാത്തലത്തിനിടയില് ജനജീവിതം വഴിമുട്ടിനില്‍ക്കേ ജനങ്ങളെ സേവിക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ദുഃഖകരമാണ്. സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് ഒരു വിഷയമല്ലാതായി മാറിയിരിക്കുകയാണ് . ഈയവസരത്തില്‍ മാനുഷിക പരിഗണന വെച്ച് കേന്ദ്രം വര്‍ധിപ്പിച്ച ഇന്ധന വില പിന്‍വലിക്കേണ്ടതാണ്- ചെന്നിത്തല കുറിച്ചു.
ഒരാഴ്ചക്കിടെ പട്രോളിന് 3.86 രൂപയാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. ഡീസല്‍ ലിറ്ററിന് 3.81 രൂപയും വര്‍ധിപ്പിച്ചു. ഇന്ന് മാത്രം പെട്രോള്‍ ലിറ്ററിന് 59 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് കൂട്ടിയത്. 82 ദിവസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് കമ്പനികള്‍ തുടര്‍ച്ചയായി വിലവര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.
60 പൈസ, 54 പൈസ തോതിലാണ് ദിനേന വില കൂട്ടിയത്. ലോകമെങ്ങും ഇന്ധന വില കുറയുന്ന സമയത്താണ് രാജ്യത്ത് മാത്രം ഉപഭോക്താക്കളെ പിഴിയുന്ന നിലപാട് സ്വീകരിക്കുന്നത്.
Discussion about this post