തൃശ്ശൂര്‍: കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രധാന ആരാധനാലയങ്ങളായ ഗുരുവായൂര്‍ ക്ഷേത്രത്തിലും തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയിലും വിശ്വാസികള്‍ക്കും പ്രവേശനമുണ്ടാകില്ല.
തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സമ്പര്‍ക്കവ്യാപനമേറുകയാണ്. വെള്ളിയാഴ്ച ജില്ലയില്‍ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരടക്കം ഏഴുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. സംസ്ഥാനത്ത് വെള്ളിയാഴ്ച സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നതും തൃശ്ശൂരിലാണ്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. ഇതിനുപുറമേ ഒന്നിലേറെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ചാവക്കാട് പ്രദേശം ലോക്ക് ഡൗണിലായി. അതേസമയം, ജില്ലയില്‍ സമൂഹവ്യാപനമില്ലെന്ന് ജില്ലാഭരണാധികാരികളുടെ യോഗത്തിനുശേഷം മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തുള്ള ദര്‍ശനം നിര്‍ത്തിവെച്ചു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിവാഹങ്ങളും ഉണ്ടാകില്ല. എന്നാല്‍, ശനിയാഴ്ച ബുക്ക് ചെയ്ത രണ്ട് വിവാഹങ്ങള്‍ക്ക് തടസ്സമില്ല. കോവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയന്ത്രണം ആവശ്യമായി വന്നതിനാലാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.