കൊച്ചി; കൊച്ചിയുടെ നഗരമധ്യത്തിലുള്ള വീട്ടില്‍ പിവിസി പൈപ്പിനുള്ളില്‍ പെരുമ്പാമ്പ് കുടുങ്ങി. മണിക്കൂറുകള്‍ക്കൊടുവിലാണ് പാമ്പിനെ പുറത്തെടുക്കാനായത്. കതൃക്കടവിലെ വിജിലന്‍സ് ഓഫീസിന് സമീപമുള്ള റസിഡന്‍ഷ്യല്‍ മേഖലയിലായിരുന്നു സംഭവം.
ഇരവിഴുങ്ങിയശേഷമാണ് പാമ്പ് പിവിസി പൈപ്പിനുള്ളില്‍ പതുങ്ങിയത്. ശേഷം വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയായിരുന്നു. നാലിഞ്ച് വ്യാസമുള്ള പിവിസി പൈപ്പില്‍ ഇരവിഴുങ്ങി പെട്ടിരുന്ന പാമ്പിനെ പുറത്തെടുക്കുക വലിയ പ്രയാസമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
ഒടുവില്‍ പാമ്പിരുന്ന പൈപ്പ് അങ്ങനെ ഇളക്കിയെടുത്ത് ഗാന്ധിനഗറിലെ ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലെത്തിച്ചു. യന്ത്ര സഹായത്തോടെ പൈപ് പല കഷ്ണങ്ങളായി മുറിച്ചു. പാമ്പിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പൈപ്പിനും പാമ്പിനുമിടയില്‍ സ്റ്റീല്‍ കഷ്ണം തിരുകികയറ്റിയായിരുന്നു യന്ത്രം കൊണ്ടുള്ള കട്ടിങ് നടത്തിയത്. ഒടുവില്‍ പത്തടിനീളമുള്ള പാമ്പിനെ പുറത്തെടുത്ത് ഫയര്‍ ഫോഴ്‌സ് വനംവകുപ്പിന് കൈമാറുകയും ചെയ്തു.