മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് വൈറസ് ബാധിയില്ല. പരിശോധന ഫലം പുറത്ത് വന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് (57 )മരിച്ചത്. ഇന്ന് ഉച്ചക്കായിരുന്നു മരണം.
ഇന്നലെയാണ് ഇയാളെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയത്. ന്യൂമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ള അബ്ദുള്‍ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ഇയാള്‍ക്ക് മറ്റ് കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതെസമയം സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 62 പേര് രോഗമുക്തി നേടി. ഇരിട്ടി സ്വദേശിയായ ഒരാള്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 4 പേര് കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേര് വെയര്‍ഹൗസില്‍ ലോഡിങ് തൊഴിലാളികളുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2244 ആയി. ഇതില്‍ 1258 പേര് നിലവില്‍ ചികിത്സയിലുണ്ട്.
Discussion about this post