“എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു; ഞാന്‍ പണം ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തു വിടൂ”; മാല പാര്‍വ്വതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സീമ വിനീത്

തൃശ്ശൂര്‍: സിനിമ നടിയായ മാല പാര്‍വ്വതിയുടെ മകന്‍ അനന്ത കൃഷ്ണന് എതിരെ ട്രാന്‍സ് വുമണും മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് നേരത്തെ രംഗത്ത് വന്നിരുന്നു. അനന്ത കൃഷ്ണന്‍ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടെയും ലൈംഗീക പ്രദര്‍ശനത്തിന്റെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചായിരുന്നു സീമ രംഗത്ത് വന്നത്.

തുടര്‍ന്ന് സീമ വിനീത് പണം ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് മാല പാര്‍വ്വതിയും രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് സീമ വിനീത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീമ മറുപടി നല്‍കിയത്. ഞാന്‍ പണം ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ നിങ്ങള്‍ ആരോപിക്കുന്നത്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു.

ഞാന്‍ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകള്‍ പുറത്തു വിടാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്. താങ്കളുടെ മകന്‍ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാന്‍ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോള്‍ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുകയാണ് എന്നും സീമ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

മാല പാര്‍വതിയെ ഞാന്‍ തേടി പോയിട്ടില്ല. അവരുടെ പേരെവിടെയും ഞാന്‍ വലിച്ചിഴച്ചിട്ടുമില്ല.പക്ഷെ അവര്‍ എന്നെ തേടി വന്നു. മകന് വേണ്ടി മാപ്പ് പറയാന്‍. അവരുടെ മകന്‍ ചെയ്ത പ്രവര്‍ത്തി ഒതുക്കിത്തീര്‍ക്കുവാന്‍ മാപ്പുമായ് അവര്‍ വന്നതുകൊണ്ട് മാത്രം അവരുടെ പേര് എനിക്കെന്റെ പോസ്റ്റില്‍ പറയേണ്ടി വന്നു. പക്ഷെ എന്ത് കൊണ്ട് അവര്‍ മകനെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ തയ്യാറായില്ല. ഇപ്പോളവര്‍ പറയുന്നത് ഞാന്‍ പണം ആവശ്യപ്പെട്ടു എന്നാണ്. എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു.

ഞാന്‍ പണം ആവശ്യപ്പെട്ടു എന്നതിന്റെ തെളിവുകള്‍ പുറത്തു വിടാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്. താങ്കളുടെ മകന്‍ എന്നെ അപമാനിച്ചതും പോരാഞ്ഞിട്ട്, എന്റെ അഭിമാനം വിറ്റ് ഞാന്‍ താങ്കളോട് പണം ആവശ്യപ്പെട്ടു എന്നും പറഞ്ഞു താങ്കളും ഇപ്പോള്‍ എന്നെ, എന്നിലെ സ്ത്രീയെ അപമാനിച്ചിരിക്കുന്നു മാല പാര്‍വതി.

നിങ്ങളുടെ ഭാഗം ന്യായീകരിക്കേണ്ടത് ഇരയാക്കപ്പെട്ടവരെ അപമാനിച്ചു കൊണ്ടല്ല. നിങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ആളാണെന്ന് പറയുമ്പോളും സ്വന്തം മകന്‍ ചെയ്ത തെറ്റ് ഒതുക്കിത്തീര്‍ക്കാന്‍ മാപ്പ് പറഞ്ഞു. ഇതിപ്പോള്‍ ചര്‍ച്ച വിഷയം ആയപ്പോള്‍ താങ്കളുടെ മകനു 27 വയസായെന്നും, നിയമപരമായി കാര്യങ്ങള്‍ നേരിടാനും, അവന്റെ പ്രവര്‍ത്തികളിലേക്ക് തന്നെ വലിച്ചിഴക്കേണ്ടെന്നും പറഞ്ഞ് കൈ കഴുകി.ഇതിനു മുന്‍പ് താങ്കള്‍ എന്നോട് മാപ്പ് പറയുമ്പോള്‍ താങ്കളുടെ 27 വയസുള്ള മകന്‍ എവിടെ ആയിരുന്നു., അന്നെന്തേ നിയമപരമായി നീങ്ങാന്‍ നിങ്ങള്‍ പറഞ്ഞില്ല..

മറ്റൊന്നു എന്നെ വിളിച്ചതിനു ശേഷം മാല പാര്‍വതി പോലീസിനെ ഈ വിഷയം അറിയിച്ചു എന്നാണ് അവര്‍ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നോടിത് വിഷയമാക്കരുത് എന്ന് പറഞ്ഞിട്ട് പോലീസില്‍ താങ്കള്‍ ഇതറിയിച്ചു എന്നൊക്കെ പറയുമ്പോള്‍ ഒരു വലിയ തമാശ ആയിട്ടാണ് എനിക്ക് തോന്നുന്നത്.

സമൂഹം എന്നും ഇങ്ങനെ ആണ്. ഇരയെ അവസാനം കുറ്റക്കാരന്‍ ആക്കും. അവരെ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ വക്താവാക്കും. ഇര പ്രതികരിക്കാതിരിക്കാന്‍ അവളുടെ തലയില്‍, അഭിമാനത്തില്‍ ചവിട്ടി താഴ്ത്തും. ഇവിടെയും ഞാന്‍ ഇതേ പ്രതീക്ഷിക്കുന്നുള്ളു.

Exit mobile version