കുണ്ടറ: കശുവണ്ടി ഫാക്ടറി ഉടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നല്ലില ബഥേല്‍ പള്ളിക്കുസമീപം ചരുവിളപുത്തന്‍ വീട്ടില്‍ സൈമണ്‍ (40) ആണ് മരിച്ചത്. കശുവണ്ടിമേഖലയിലെ പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാത്തിനെ തുടര്‍ന്നാണ് ഫാക്ടറി ഉടമയായ സൈമന് ആത്മഹത്യചെയ്തത്.
സൈമണും പിതാവ് മത്തായിയും നല്ലിലയില്‍ നിര്‍മ്മല മാതാ കശുവണ്ടി ഫാക്ടറി നടത്തിവരികയായിരുന്നു. ഇവര്‍ക്ക് നാലുകോടി രൂപയുടെ കടബാധ്യതകള്‍ ഉണ്ടായിരുന്നു. ഇത് അടച്ചുതീര്‍ക്കാനാകാതെ ബാങ്കില്‍നിന്ന് ജപ്തിഭീഷണി നേരിട്ടിരുന്നു.
സ്വന്തം വസ്തുവകയോടൊപ്പം ബന്ധുക്കളുടെ വസ്തുക്കളും ഈടുനല്‍കിയിരുന്നു. തിരിച്ചടവില്‍ സാവകാശം നല്‍കുന്നതിന് മന്ത്രി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ലെന്ന് പറയുന്നു. പ്രതിസന്ധിയില്‍ നിന്നും കരകയറാനാവതെ കശുവണ്ടി ഫാക്ടറിയുടെ പ്രവര്‍ത്തനവും നിലച്ചു.
ഇതിന്റെ മനോവിഷമത്തിലാണ് സൈമണ്‍ ജീവനൊടുക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഊണിനുശേഷം സൈമണിനെ തിരക്കിയിറങ്ങിയ മാതാവാണ് മകനെ രണ്ടുമണിയോടെ വീടിനുസമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യ ആശ. ഒന്‍പതാം തരത്തില്‍ പഠിക്കുന്ന സഞ്ജനയും ആറാംതരം വിദ്യാര്‍ഥി ആല്‍വിനും മക്കളാണ്. കണ്ണനല്ലൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ജില്ലാ ആശുപത്രിയില്‍ മൃതദേഹപരിശോധനയ്ക്കുശേഷം ശവസംസ്കാരം വ്യാഴാഴ്ച ഒന്നിന് നല്ലില ബഥേല്‍ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടക്കും.
Discussion about this post