തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ രോഗികൾ തൂങ്ങിമരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ആരോഗ്യമന്ത്രിയുടെ ശാസന. ഓഫീസിലേയ്ക്ക് വളിച്ചുവരുത്തിയാണ് ആരോഗ്യമന്ത്രി ശാസിച്ചത്. സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെയും ആർഎംഒയെയും ഓഫീസിലേയ്ക്ക് വിളുച്ചുവരുത്തി വിശദീകരണം തേടുകയും അതൃപ്തി അറിയിക്കുകയുമായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രി അധികൃതരോട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തിലാണ് മന്ത്രി ശാസനാ സ്വരത്തിൽ സംസാരിച്ചത്. ഒപ്പം സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. ഇന്ന് തന്നെ അദ്ദേഹം റിപ്പോർട്ട് സമർപ്പിക്കും. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞതായാണ് റിപ്പോർട്ട്.
തിരുവനന്തപുരം സ്വദേശികളായ സജികുമാർ, മുരുകേശൻ എന്നിവരാണ് ഐസൊലേഷൻ വാർഡിൽ ആത്മഹത്യചെയ്തത്. ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ ഐസൊലേഷൻ വാർഡിൽനിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് സജികുമാർ കടന്നിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞ് ദിശയുടെ വാഹനത്തിൽ വീണ്ടും മെഡിക്കൽ കോളേജിലെത്തിച്ചത്. പെയിന്റിങ് തൊഴിലാളിയായ സജികുമാർ തമിഴ്‌നാട്ടിൽ മദ്യം വാങ്ങാൻ പോയതിനിടെയാണ് കോവിഡ് ബാധിക്കുന്നത്. ഇയാളുടെ അവസാനത്തെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. കടുത്ത മദ്യാസക്തിയുള്ള സജികുമാർ ചികിത്സയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ സജികുമാറിനെ കഴിഞ്ഞമാസം 28നാണ് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
സജികുമാറിന്റെ മരണവാർത്ത പുറത്തറിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് മുരുകേശൻ മുറിയിൽ തൂങ്ങിമരിച്ചത്. തമിഴ്‌നാട്ടിലെ പന്നിഫാമിൽ ജീവനക്കാരനായിരുന്നു ഇയാൾ. ലോക്ക്ഡൗൺ തുടങ്ങിയശേഷം ചൊവ്വാഴ്ചയാണ് നെടുമങ്ങാട്ടെ വീട്ടിൽ തിരിച്ചെത്തിയത്. വല്ലപ്പോഴും മാത്രം വീട്ടിലെത്തുന്ന ഇയാളോട് ബന്ധുക്കളും ഭാര്യയും ക്വാറന്റൈനിൽപോകാൻ ആവശ്യപ്പെട്ടു. രാത്രിയോടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഇയാളെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരെത്തി മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. പിന്നീടാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.