തൃശ്ശൂര്‍: ഉമ്മയ്ക്ക് കൂട്ടായി ഉപ്പയെ തിരിച്ചേല്പ്പിച്ചുവെന്ന സമാധാനത്തോടെ അര്‍ബുദ രോഗിയായ സക്കീര്‍ ഹുസൈന് മറ്റൊരു ലോകത്തേക്ക് യാത്രയായി. ജയിലില്‍ കഴിയുകയായിരുന്ന പിതാവിനെ അവസാനമായൊന്ന് കാണണമെന്നും പറ്റിയാല്‍ നാട്ടിലേക്ക് തിരിച്ച് കൊണ്ട് പോകണമെന്നുമായിരുന്നു ഈ പതിമൂന്ന് വയസ്സുകാരന്റെ ആഗ്രഹം.
കേരള അതിര്‍ത്ഥിയിലെ നീലഗിരി ദേവര്‍ഷോല സ്വദേശിയാണ് സക്കീര്‍ ഹുസ്സൈന്‍. അഞ്ചാം വയസ്സില്‍ കാലിന് പിടിപെട്ട അര്‍ബുദ രോഗം സക്കീര്‍ ഹുസൈന്റെ ശ്വാസകോശത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഉംറ നിര്‍വഹിക്കണമെന്നും ജിസാനിലെ ജയിലില്‍ കഴിയുന്ന പിതാവിനെ കാണണമെന്നുമായിരുന്നു സക്കീര്‍ ഹുസൈന്റെ ആഗ്രഹം.
സുമനസ്സുകളുടെ സഹായത്തോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ സക്കീര്‍ ഹുസ്സൈന്‍ മാതാവിനും വല്ല്യൂപ്പയുമൊത്ത് മക്കയിലെത്തി. ഉംറ നിര്‍വ്വഹിച്ച് കഅബക്കരികിലെത്തി പ്രപഞ്ചനാഥനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. 9 വര്‍ഷമായി കണ്ടിട്ടില്ലാത്ത പിതാവിനെ കാണണമെന്നും പറ്റിയാല്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നുമുള്ള ആഗ്രഹം സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചു.
തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ജിസാനിലെ ജയിലിലെത്തി സക്കീര്‍ ഹുസൈന് ഉപ്പയെ കണ്ടു. അവസാനമായി ഉപ്പക്ക് മുത്തം കൊടുത്ത് തിരിച്ച് പോകുമ്പോള്‍ സക്കീര്‍ ഹുസ്സൈന്‍ തന്നെ സഹായിച്ചവരോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, ഉപ്പയുടെ ജയില്‍ മോചനത്തിനായി സഹായിക്കണമെന്ന്.
അങ്ങനെ സക്കീറിന്റെ ആഗ്രഹപ്രകാരം സാമൂഹിക പ്രവര്‍ത്തകരുടെ ഇടപടലിലൂടെ പിതാവ് സൈദ് സലീം ജയില്‍ മോചിതനായി നാട്ടിലെത്തി. എന്നാല്‍ തുടങ്ങിവെച്ച ഖുര്‍ആന്‍ മനപാഠ കോഴ്സ് പൂര്‍ത്തീകരിക്കാന്‍ പോലും കഴിയാതെ ഇന്ന് രാവിലെ സക്കീര്‍ ഹുസ്സൈന്‍ നാഥന്റെ സന്നിധിയിലേക്ക് യാത്രയായി.
Discussion about this post