മലപ്പുറം: ലോക്ഡൗണില്‍ ഇളവുകളുടെ ഭാഗമായി പല ആരാധനാലയങ്ങളും തുറന്നിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ നിബന്ധനകള്‍ പാലിച്ച് പള്ളികള്‍ തുറന്ന് ജുമുഅ-ജമാഅത്ത് നിര്‍വഹിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത അറിയിച്ചു.
ഇതുവരെ പള്ളികള്‍ അടച്ചിട്ടത് രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണെന്നും അതേഭരണകൂടം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിബന്ധനകളോടെ അനുമതി നല്‍കിയ സാഹചര്യത്തിലാണ് പള്ളികള്‍ തുറക്കുന്നതെന്നും സമസ്ത വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ നിബന്ധനകള്‍ പാലിച്ച് പള്ളികള്‍ തുറന്ന് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സൗകര്യം ഒരുക്കണമെന്നും നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പള്ളികള്‍ തുറന്ന് ആരാധനക്ക് അവസരമൊരുക്കാതിരിക്കുന്നത് കുറ്റകരമാണെന്നും സമസ്ത യോഗത്തില്‍ പറഞ്ഞു.
മഹല്ല് ജമാഅത്തുകളും ഖാസി, ഖത്തീബുമാരും ഇക്കാര്യം ഗൗരവത്തിലെടുക്കണം. എന്നാല്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലെ പള്ളികള്‍ ഒരുകാരണവശാലും തുറക്കരുതെന്നും നിലവിലെ സ്ഥിതി തുടരാവുന്നതാണെന്നും സമസ്ത വ്യക്തമാക്കുന്നു.