കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു: കൂടുതല്‍ ഇളവുകള്‍ ഇല്ല, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. അതേസമയം പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയിലുള്ള ശ്രദ്ധയും ദിനംപ്രതി കുറയുകയുമാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനുള്ള തീരുമാനം.

റോഡ്, റെയില്‍മാര്‍ഗം അനുവാദമില്ലാതെ പലരും കേരളത്തിലേക്ക് എത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയും. മാസ്‌ക്ക്, ശാരീരിക അകലം, സാനിറ്റെസേഷന്‍ എന്നിവ നിര്‍ബന്ധമാക്കും. പൊതുഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ നല്‍കിയ ഇളവുകള്‍ മാത്രമെ സംസ്ഥാനത്തും ഉണ്ടാകൂ. കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ട എന്നും മന്ത്രിസഭ തീരുമാനിച്ചു.

വീടുകളിലെ നിരീക്ഷണം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉണ്ടാകും. സാമൂഹിക വ്യാപനം ഒഴിവാക്കുക, മരണസംഖ്യ കുറക്കുക എന്നിവയാണ് കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രിസഭ വിലയിരുത്തി.

കൂടാതെ, കെഎസ്ആര്‍ടിസി എംഡിയുടെ അധിക ചുമതല സാമൂഹിക നീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് നല്‍കും. ചെയര്‍മാന്‍ ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാലായിരിക്കും. യൂണിയനുകള്‍ ഏകകണ്ഠമായി മുന്നോട്ട് വെച്ച നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

സെമി ഹൈസ്പീഡ് റെയില്‍പാതയുടെ അലൈന്‍മെന്റിനും അംഗീകാരമായി. നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ സഞ്ചരിക്കാന്‍ കഴിയുന്ന സെമി ഹൈസ്്പീഡ് റെയില്‍വെ പദ്ധതിയുടെ അലൈന്‍മെന്റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ റെയില്‍പാതക്ക് സമാന്തരമായാവും സില്‍വര്‍ലൈനും പോകുക. 532 കിലോമീറ്റര്‍ നീളമുള്ള പാത 2024ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 66,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Exit mobile version