തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ആനാട് സ്വദേശിയായ യുവാവ് തൂങ്ങി മരിച്ചത്. രോഗമുക്തി നേടി ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഇരിക്കേയാണ് ഇയാള്‍ മരിച്ചത്. വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നഴ്സ് മുറിയിലെത്തിയപ്പോഴാണ് ഇയാള്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ചികിത്സയിലായിരുന്ന ഇയാള്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയിരുന്നു. ആശുപത്രിവേഷത്തിലാണ് ഇയാള്‍ മുങ്ങിയത്. ഓട്ടോയിലും ബസിലും കയറി വീടിനടുെത്തത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ഇയാളെ വീണ്ടും മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു. ആശുപത്രിക്ക് മേല്‍ ഗുരുതര സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി.
അതെസമയം കടുത്ത മദ്യാസക്തിയുള്ള ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിത്ത്ഡ്രോവല്‍ സിന്‍ഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാള്‍ക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടടക്കം നിസഹകരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായുരുന്നു. തമിഴ്നാട്ടില്‍ നിന്നു മദ്യം വാങ്ങാന്‍ പോയതിനിടെയാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചത്. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞമാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്.
Discussion about this post