പൊന്നാനി: കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിദേശ ഭരണാധികാരികളിലൊരാളാണ് ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്ത. ഇത്തവണ പൊന്നാനിക്കാരനായ പ്രമോദിന് മെയിലിലൂടെ സന്ദേശമയച്ചിരിക്കുകയാണ് ഈ പ്രധാനമന്ത്രി.ഇതിനുമുമ്പ് പൊന്നാനിയിലെ പത്താംക്ലാസുകാരി അമാന അഷറഫിനും പ്രധാനമന്ത്രി വിശേഷങ്ങൾ തിരക്കി കത്തയച്ചിരുന്നു
കഴിഞ്ഞ വർഷം കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് ജോയിന്റ് കൺട്രോളർ ഓഫ് എക്സാമിനേഷനായി വിരമിച്ച പൊന്നാനി സ്വദേശി പ്രമോദിനാണ് സ്വന്തം രാജ്യം കോവിഡ് മുക്തമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി മെയിലയച്ചത്. ‘ഇന്ന് നിങ്ങളുമായി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുള്ള രണ്ട് സന്തോഷവാർത്തകളുണ്ട്. ആദ്യം, ന്യൂസിലാന്റിൽ ഇപ്പോൾ കോവിഡ് 19 ന്റെ സജീവ കേസുകളൊന്നുമില്ല. രണ്ടാമതായി, ഇന്ന് അർദ്ധരാത്രി വരെ, ന്യൂസിലൻഡ് അലേർട്ട് ലെവൽ രണ്ടിൽ നിന്ന് ലെവൽ ഒന്നിന് അലേർട്ടിലേക്ക് നീങ്ങുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു, ‘ പ്രധാനമന്ത്രി ജെസീന്ത പ്രമോദിന് അയച്ച സ്വകാര്യ മെയിലിൽ ഇങ്ങനെ അറിയിച്ചു.പ്രധാനമന്ത്രി ന്യൂസിലാന്റിലെ സ്ഥിതി വ്യക്തമായി വിശദീകരിക്കുന്നുമുണ്ട് എഴുത്തിൽ. പ്രമോദിന്റെ പ്രാർത്ഥനകൾക്കും വ്യക്തിപരമായ അന്വേഷണങ്ങൾക്കും നന്ദി പറയാനും പ്രധാനമന്ത്രി മറന്നില്ല.
‘ഞങ്ങൾ പതിവായി ആശയവിനിമയം നടത്തുകയും ആരോഗ്യകരമായ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെന്നും അസാധാരണമായ നയതന്ത്ര, ഭരണ നൈപുണ്യമുള്ള ഒരു അത്ഭുത സ്ത്രീയാണ് അവർ. എല്ലാറ്റിനുമുപരിയായി, ദയയും അനുകമ്പയും ഉള്ള ഒരു വലിയ മനുഷ്യയാണ് അവൾ, ‘പ്രമോദ് പറഞ്ഞു.
കഴിഞ്ഞ വർഷം ന്യൂസിലാൻറ് പ്രധാനമന്ത്രി പൊന്നാനിയിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അമാന അഷ്റഫിന് ഒരു കത്ത് എഴുതിയിരുന്നു. കേരളം ഉൾപ്പെടെ ലോകമെമ്പാടുമുള്ള സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുന്നതായിരുന്നു ആ കത്ത്. അന്ന് ഒരു വയസ്സുള്ള മകളായ നെവിന്റെ സ്വകാര്യ ക്ഷേമം പോലും പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു.
പ്രധാനമന്ത്രിയും അവരുടെ രാഷ്ട്രീയ സെക്രട്ടറിയും ന്യൂസിലാന്റ് പാർലമെന്റ് അംഗവുമായ പ്രിയങ്ക രാധാകൃഷ്ണനും കഴിഞ്ഞ വർഷം ഓണത്തിനിടെ കേരളീയരെ പ്രത്യേക വീഡിയോയിൽ അഭിവാദ്യം ചെയ്തിരുന്നു.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ
Discussion about this post