പത്തനാപുരത്ത് ആനയെ കൈതച്ചക്കയിൽ പന്നിപ്പടക്കം വെച്ച് കൊലപ്പെടുത്തിയത്; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: പത്തനാപുരം കറവൂരിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ മൂന്ന് പേരെ വനംവകുപ്പ് പിടികൂടി. ആനയെ കൈതച്ചക്കയിൽ പന്നിപ്പടക്കം വെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കറവൂർ സ്വദേശികളായ രഞ്ജിത്, അനിമോൻ, ശരത് എന്നിവരെയാണ് വനപാലകർ പിടികൂടിയത്. ഇവർ കൈതച്ചക്കയിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് കാട്ടാനയുടെ വായിൽ മുറിവുണ്ടായതും പിന്നീട് ചെരിഞ്ഞതെന്നുമാണ് അധികൃതരുടെ വിശദീകരണം.

ഏപ്രിൽ 11 നാണ് കറവൂരിൽ അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞത്. വായിൽ വലിയ വ്രണവുമായാണ് ആനയെ കണ്ടെത്തിയത്. തുടർന്ന് ആനയെ പിന്തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മരക്കഷണമോ മറ്റോ കൊണ്ടാകും കാട്ടാനയുടെ വായിൽ വ്രണമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് മുറിവുണ്ടായതെന്ന സംശയം വന്നു. ഇതോടെ വനംവകുപ്പ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്.

പിടിയിലായ മൂന്ന് പേരും മൃഗവേട്ടക്കാരാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. മ്ലാവിനെ പിടികൂടാനായാണ് ഇവർ കൈതച്ചക്കയിൽ പന്നിപ്പടക്കം ഒളിപ്പിച്ചത്. എന്നാൽ അതുവഴിയെത്തിയ കാട്ടാന കൈതച്ചക്ക കഴിക്കുകയും പൊട്ടിത്തെറിച്ച് മുറിവുണ്ടാകുകയുമായിരുന്നു. പിന്നീട് വെള്ളം പോലും കുടിക്കാനാവാതെ ആന കറവൂരിൽ തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് കാട്ടാന നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അവശനിലയിലായിരുന്ന ആന പിന്നീട് വനത്തിലേക്ക് തിരികെ കയറിയെങ്കിലും ചരിയുകയായിരുന്നു.

സംഭവത്തിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. സ്ഥിരം മൃഗവേട്ട നടത്തുന്ന ഇവർക്കെതിരേ മ്ലാവ്, മലമ്പാമ്പ് തുടങ്ങിയവയെ വേട്ടയാടി കൊന്നതിനും കേസെടുക്കും.

Exit mobile version