കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാവുകയാണ്. ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് സൂചന. ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍മീഡിയില്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത് നിരവധി പേരാണ്.
അതേപോലെ തന്നെ മോശമായ പ്രതികരണവും ഉയരുന്നുണ്ട്. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്. ഫേസ്ബുക്കിലൂടെയായിരുന്നു ബഷീറിന്റെ പ്രതികരണം. വീണയും റിയാസും വിവാഹിതരാകുന്ന വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും അസ്വാഭാവികമായി എന്തെങ്കിലും ഉള്ളതായി തോന്നിയുമില്ലെന്നും ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പക്ഷേ സോഷ്യല്‍ മീഡിയയിലെ പലരുടേയും പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഇത്തരമൊരു വിവാഹവാര്‍ത്തയിലും ചൊറിച്ചില്‍ തോന്നുന്ന മനുഷ്യരുണ്ടല്ലോ നമുക്കിടയില്‍ എന്നാണോര്‍ത്തത്. ഞങ്ങളുടെ നേതാവ് പുനര്‍വിവാഹിതനായപ്പോള്‍ പലരും പരിഹസിച്ചല്ലോ എന്നൊക്കെയാണ് ചൊറിയുന്നവരുടെ ന്യായീകരണങ്ങള്‍. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവരൊക്കെ വിവരദോഷികളാണ്, സംസ്‌കാര ശൂന്യരാണ്,
റിയാസും വീണയും വിവാഹിതരാകുമ്പോള്‍ അതിലൊരു നന്മയുടെ രാഷ്ട്രീയവുമുണ്ട് എന്ന് പറയാതെ വയ്യ. മുസ്ലിം പേരുള്ള ഒരാള്‍ അതല്ലാത്ത ഒരാളെ ജീവിത പങ്കാളിയാക്കുമ്പോള്‍ അതില്‍ നഞ്ചു കലക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയം നമ്മുടെ പരിസരത്തുണ്ട്. അതിനെ വളരെ വര്‍ഗ്ഗീയമായി വിഷം ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു സംഘപരിവാര്‍ നറേറ്റീവ് നമ്മുടെ ദേശത്തുണ്ടെന്നും ബഷീര്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
വീണയും റിയാസും വിവാഹിതരാകുന്ന വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നി, അസ്വാഭാവികമായി എന്തെങ്കിലും ഉള്ളതായി തോന്നിയുമില്ല. മിശ്ര വിവാഹങ്ങള്‍ ഇപ്പോള്‍ വളരെയുണ്ടല്ലോ..
പക്ഷേ സോഷ്യല്‍ മീഡിയയിലെ പലരുടേയും പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഇത്തരമൊരു വിവാഹവാര്‍ത്തയിലും ചൊറിച്ചില്‍ തോന്നുന്ന മനുഷ്യരുണ്ടല്ലോ നമുക്കിടയില്‍ എന്നാണോര്‍ത്തത്. രണ്ട് പേര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അവര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഉണ്ടാകുക, ജീവിതം കുറേക്കൂടി സന്തോഷകരമാകുമെന്നും പരസ്പരം സ്‌നേഹം പകര്‍ന്ന് മരണം വരെ ഒന്നിച്ചുണ്ടാവണമെന്നുമൊക്കെയുള്ള പ്രതീക്ഷകള്‍.. ആ പ്രതീക്ഷകള്‍ പൂവണിയുമോ എന്നൊക്കെയുള്ള ആശങ്കകളും ചിലപ്പോള്‍ മനസ്സിലുണ്ടായി എന്ന് വരും. അപ്പോള്‍ അവര്‍ക്ക് സ്‌നേഹവും പിന്തുണയും നല്‍കുകയും അവരുടെ പ്രതീക്ഷകളോടൊപ്പം നില്‍ക്കുകയും അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയുമാണ് സ്വാഭാവികമായും മനുഷ്യരൊക്കെ ചെയ്യുക. മുന്‍ വൈവാഹിക ബന്ധത്തില്‍ നിന്ന് വേര്‍പെട്ട് രണ്ടാമതൊരു ബന്ധത്തില്‍ പ്രവേശിക്കുമ്പോള്‍ സ്വാഭാവികമായും കൂടുതല്‍ ആശങ്കകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ അവര്‍ക്ക് വേണ്ടത് കൂടുതല്‍ പിന്തുണയും സ്‌നേഹവുമാണ്.
ഞങ്ങളുടെ നേതാവ് പുനര്‍വിവാഹിതനായപ്പോള്‍ പലരും പരിഹസിച്ചല്ലോ എന്നൊക്കെയാണ് ചൊറിയുന്നവരുടെ ന്യായീകരണങ്ങള്‍. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവരൊക്കെ വിവരദോഷികളാണ്, സംസ്‌കാര ശൂന്യരാണ്, നിങ്ങളും അതാവര്‍ത്തിക്കുന്നുവെങ്കില്‍ ആ വിവരദോഷികളുടെയും സംസ്‌കാര ശൂന്യരുടേയും പട്ടികയിലേക്ക് നിങ്ങളും ചേരുകയാണ് എന്നാണര്‍ത്ഥം.. നാമെപ്പോഴും ശ്രമിക്കേണ്ടത് കൂടുതല്‍ നല്ല മനുഷ്യരാവാനാണ്, നല്ല മാതൃകകളെ പിന്തുടരാനാണ്, കഴിഞ്ഞ കാലങ്ങളില്‍ വിവരദോഷം കാണിച്ചവരെ അനുകരിച്ച് വൃത്തികെട്ട ജീവികളാവാനല്ല..
റിയാസും വീണയും വിവാഹിതരാകുമ്പോള്‍ അതിലൊരു നന്മയുടെ രാഷ്ട്രീയവുമുണ്ട് എന്ന് പറയാതെ വയ്യ. മുസ്ലിം പേരുള്ള ഒരാള്‍ അതല്ലാത്ത ഒരാളെ ജീവിത പങ്കാളിയാക്കുമ്പോള്‍ അതില്‍ നഞ്ചു കലക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയം നമ്മുടെ പരിസരത്തുണ്ട്. അതിനെ വളരെ വര്‍ഗ്ഗീയമായി വിഷം ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു സംഘപരിവാര്‍ നറേറ്റീവ് നമ്മുടെ ദേശത്തുണ്ട്.. കേരളത്തെക്കുറിച്ച് ഭീതി ജനിപ്പിക്കുന്ന കെട്ടുകഥകളുടെ പാശ്ചാത്തലത്തിലുള്ള വലിയ വിവാദങ്ങള്‍ നാം കഴിഞ്ഞ കാലങ്ങളില്‍ കണ്ടതാണ്. അത്തരമൊരു മനുഷ്യവിരുദ്ധ നരേറ്റീവിനെ അവഗണിച്ചും തിരസ്‌കരിച്ചും മുന്നോട്ട് പോകാനുള്ള മാനവികതയുടെ രാഷ്ട്രീയം ഒരു വേള ഈ വിവാഹത്തില്‍ കാണാന്‍ പറ്റും.. അവര്‍ അത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും.
നല്ല വാര്‍ത്തകള്‍ക്ക് ഏറെ പഞ്ഞമുള്ള ഈ കോവിഡ് കാലത്ത് ഇതൊരു ശുഭ വാര്‍ത്ത തന്നെയാണ്. മനസ്സ് തുറന്ന് ഇരുവര്‍ക്കും ആശംസകള്‍ നേരുന്നു. നല്ല പങ്കാളികളായി ജീവിതം മുന്നോട്ട് പോകട്ടെ. All the best.
Discussion about this post