കോഴിക്കോട്: ഹൃദയാഘാതം മൂലം ദുബായിയില്‍ വെച്ച് മരിച്ച നിധിന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. ആദ്യം ഭാര്യ ആതിരയുടെ അടുത്തേക്കാണ് മൃതദേഹം എത്തിച്ചത്. ആതിരയ്ക്ക് അവസാനമായി പ്രിയതമനെ കാണാനും അന്ത്യചുംബനം നല്‍കാനും കോഴിക്കോട് മിംസ് ആശുപത്രിയില്‍ സൗകര്യം ഒരുക്കി.
ആതിരയും കുടുംബവും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പേരാമ്പ്രയിലെ വീട്ടിലാണ് ശവസംസ്കാരം. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.
പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്നതിനാലാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുവന്നത്.
കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും ശ്രദ്ധനേടിയത്. ഗര്‍ഭിണിയായ ആതിര നാട്ടിലേക്ക് വരുമ്പോള്‍ നിധിനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആ അവസരം നിധിന് അത്യാവശ്യക്കാര്‍ക്ക് വേണ്ടി നല്‍കുകയായിരുന്നു.
Discussion about this post