തൃശ്ശൂർ: മാലിയിൽ നിന്നെത്തിയതിനു പിന്നാലെ കൊവിഡ് ബാധിച്ച് മരിച്ച ചാലക്കുടി സ്വദേശി ഡെനി ചാക്കോയുടെ മൃതദേഹം ഇനിയും സംസ്കരിച്ചില്ല. ഡെനിയുടെ ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ തന്നെ മൃതദേഹം സംസ്കരിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാൽ കോൺക്രീറ്റ് അറകൾ ഉള്ള സെമിത്തേരി ആയതിനാൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്താൻ ആവില്ലെന്നാണ് അധികൃതരുടെ നിലപാട്.
എന്നാൽ പള്ളി പറമ്പിൽ തന്നെ മറ്റൊരിടത്ത് 12 അടി ആഴത്തിൽ കുഴിയെടുത്ത് സംസ്കാരം നടത്താൻ അധികൃതർ സമ്മതം മൂളിയിട്ടുണ്ട്. എന്നാൽ പള്ളിപറമ്പിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പള്ളി കമ്മിറ്റിയും നാട്ടുകാരും വ്യക്തമാക്കി.
ചതുപ്പുള്ള പ്രദേശമായതിനാൽ അഞ്ച് അടി കുഴി എടുക്കുമ്പോഴേക്കും വെള്ളം കാണുമെന്നും മാലിന്യം സമീപത്തെ കിണറുകളിലേക്ക് പടരുമെന്നുമാണ് പള്ളി കമ്മിറ്റിയും പ്രദേശവാസികളും പറയുന്നത്. എന്നാൽ, പള്ളിയിൽ തന്നെ സംസ്കരിക്കണം എന്നാണ് ഡെനിയുടെ കുടുംബത്തിന്റെ നിലപാട്. നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ച ശേഷം അവശേഷിപ്പുകൾ കല്ലറയിൽ അടക്കാം എന്ന നിർദേശം കുടുംബം തള്ളി.
ഇരു വിഭാഗങ്ങളുടെയും നിലപാട് ചാലക്കുടി തഹസിൽദാർ തൃശൂർ ജില്ല കളക്ടറെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഡെനി തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post