കൊല്ലത്ത് ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച് അധ്യാപകൻ; അറസ്റ്റ് ചെയ്ത് പോലീസ്

ഓയൂർ: കൊല്ലം ഓയൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്‌കൂൾ അധ്യാപകൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. സ്‌കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകൻ മരുതമൺപള്ളി സ്വദേശി മനോജ് കെ മാത്യുവിനെ (45) അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ബിജെപി, കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.

ഓയൂർ ചുങ്കത്തറ വെളിനല്ലൂർ ഇഇടിയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് ഓൺലൈൻ പഠനഗ്രൂപ്പിലാണ് സ്‌കൂളിലെ തന്നെ അധ്യാപകൻ അശ്ലീല വീഡിയോ ഇട്ടതായി കണ്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടായിരുന്നു സംഭവം. കുട്ടികൾ വീട്ടിൽ രക്ഷാകർത്താക്കൾക്കൊപ്പം മലയാളം പഠന ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. രക്ഷിതാക്കൾ ഉടൻ സ്‌കൂൾ പ്രഥമാധ്യാപികയെ വിവരമറിയിച്ചു. തുടർന്ന് പ്രഥമാധ്യാപിക ബന്ധപ്പെട്ട അധ്യാപകനെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

തന്റെ ഫോണിൽനിന്നാണ് വീഡിയോ വന്നതെന്നും എന്നാൽ താനല്ല ഇത് ചെയ്തതെന്നുംം അധ്യാപകൻ വിശദീകരണം നൽകി. തന്റെ സുഹൃത്ത് താനറിയാതെ ഫോൺ ഉപയോഗിച്ചപ്പോൾ അറിയാതെ ഗ്രൂപ്പിലേക്ക് വീഡിയോ ഫോർവേഡ് ആയതാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നെന്നും അധ്യാപകൻ വിശദീകരണം നൽകിയതായി പ്രഥമാധ്യാപിക പറഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂളിൽ അധ്യാപകയോഗം വിളിച്ചു. തുടർന്ന് സ്‌കൂൾ അധികൃതർ വെളിയം എഇഒയ്ക്കും സ്‌കൂൾ മാനേജർക്കും റിപ്പോർട്ട് നൽകി. പൂയപ്പള്ളി പോലീസിൽ പരാതിയും നൽകി.

ബിജെപി വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ പ്രഥമാധ്യാപികയെ ഓഫീസിൽ ഉപരോധിച്ചു. ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചതോടെ സമരക്കാർ പിരിഞ്ഞുപോയി.

Exit mobile version