തിരുവനന്തപുരം: മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ മകൻ അശ്വിൻ അമിത മദ്യപാനിയെന്ന് പോലീസ്. അശ്വിനേയും കസ്റ്റഡിയിലുള്ള അയൽവാസിയേയും പോലീസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്. മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ അശ്വിൻ തള്ളിയിട്ടതിനെ തുടർന്നാണ് ജയമോഹൻ തമ്പി കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, അശ്വിനും കസ്റ്റഡിയിലുള്ള അയൽവാസിയും പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നത് പോലീസിനെ കുഴപ്പിക്കുന്നു.
ജയമോഹൻ തമ്പിക്കും അയൽവാസിക്കുമൊപ്പമിരുന്ന് മദ്യപിച്ചെന്നാണ് അശ്വിൻ പോലീസിന് നൽകിയ മൊഴി. എന്നാൽ ഒരുമിച്ചിരുന്ന് മദ്യപിച്ചിട്ടില്ലെന്ന് അയൽവാസിയും പറയുന്നു. അതിനിടെ, കഴിഞ്ഞ നാല് ദിവസം തുടർച്ചയായി അശ്വിൻ അമിതമായി മദ്യപിച്ചിരുന്നതായാണ് വിവരം. സംഭവദിവസം മദ്യം വാങ്ങിനൽകിയത് അയൽവാസിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിലെ മാലിന്യം ശേഖരിക്കാനെത്തിയ കുടുംബശ്രീ പ്രവർത്തകരും വീടിന്റെ മുകൾനിലയിലെ താമസക്കാരുമാണ് ജയമോഹൻ തമ്പിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ജയമോഹൻ തമ്പിയെ കണ്ടിരുന്നതായി കുടുംബശ്രീ പ്രവർത്തകർ പറയുന്നു. എന്നാൽ തിങ്കളാഴ്ച മാലിന്യം ശേഖരിക്കാനെത്തിയപ്പോൾ വീട്ടിൽനിന്ന് ആരുടെയും പ്രതികരണമുണ്ടായില്ല. മാത്രമല്ല, വീട്ടിൽനിന്ന് ദുർഗന്ധവും വമിച്ചിരുന്നു. ഇതിനെത്തുടർന്ന് കുടുംബശ്രീ പ്രവർത്തകർ മുകൾനിലയിലെ താമസക്കാരെ വിവരമറിയിച്ചു. തുടർന്ന് ജനൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ജയമോഹനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ അശ്വിൻ അച്ഛനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ജയമോഹന്റെ എടിഎം. കാർഡിനെച്ചൊല്ലിയുള്ള തർക്കമാണ് കൈയേറ്റത്തിലെത്തിയത്. വീണ് പരിക്കേറ്റ ജയമോഹനെ അശ്വിനാണ് എടുത്ത് വീടിനുള്ളിലെ ഹാളിൽ കിടത്തിയത്. അയൽവാസിയും കൂടെയുണ്ടായിരുന്നു.
കുവൈറ്റിൽ ഷെഫായിരുന്നു അശ്വിൻ. ജോലിമതിയാക്കി നാട്ടിലെത്തിയശേഷം ജയമോഹനൊപ്പമാണ് താമസിക്കുന്നത്. വീട്ടിൽ ഇരുവരുംചേർന്ന് മദ്യപാനവും വാക്ക് തർക്കവും പതിവായതോടെ അശ്വിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
Discussion about this post