തൃശൂര്‍; ഷോക്കേറ്റ് പിടയുകയായിരുന്ന അമ്മയടക്കം നാല് പേരുടെ ജീവന് രക്ഷിച്ച ഹീറോയാണ് ഇന്ന് അദ്വൈത്. കഴിഞ്ഞ വര്‍ഷം പഠിച്ച പാഠഭാഗങ്ങളും സമയോചിതമായ ഇടപെടലുകളുമാണ് എട്ടാംക്ലാസ്സുകാരനെ നാല് പേരുടെ ജീവന് രക്ഷകനാക്കിയത്.
തൃശൂര്‍ പുത്തന്‍പീടിയ താമരത്തറോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അദ്വൈതിന്റെ അമ്മ ധന്യ പ്ലാവില്‍ നിന്നു ഇരുമ്പ് തോട്ടി കൊണ്ടു ചക്ക പറിക്കുന്നതിനിടെയാണ് വൈദ്യുതി ലൈനില്‍ ഷോക്കേറ്റത്. ധന്യയുടെ കൈയിലിരുന്ന അലുമിനിയം തോട്ടി വഴുതി വൈദ്യുതി ലൈനില്‍ തട്ടി.
ഷോക്കേറ്റ് തോട്ടിയടക്കം തെറിച്ചുവീണ ധന്യയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച അമ്മ ലളിത(65)യ്ക്കും ഷോക്കേറ്റു. ഇവരെ രക്ഷിക്കാന്‍ നോക്കിയ അയല്‍വാസി റോസി(60)യും തെറിച്ചുവീണു. ഇവരെ പിടിച്ച ധന്യയുടെ സഹോദരി ശുഭയ്ക്കും(40) ഷോക്കേറ്റു.
കരച്ചില് കേട്ടാണ് അടുത്തു കളിച്ചുകൊണ്ടിരുന്ന അദ്വൈത് സംഭവസ്ഥലത്തെത്തിയത്. രക്ഷിക്കാനായി ഓടി വന്നു അമ്മയുടെ വസ്ത്രത്തില്‍ പിടിച്ചതോടെ അദ്വൈതിനും നേരിയതോതില്‍ ഷോക്കേറ്റു. അപ്പോഴാണ് വൈദ്യുതി കടത്തിവിടാത്ത വസ്തുക്കള്‍ ഉപയോഗിച്ചുവേണം ഷോക്കേറ്റവരെ രക്ഷിക്കാനെന്ന സ്കൂളിലെ പാഠഭാഗം അദ്വൈത് ഓര്‍ത്തത്.
ഉടനെ അടുത്തു കിടന്നിരുന്ന അരയടിയോളം മാത്രമുള്ള ടൈല്‍കഷ്ണമെടുത്തു തോട്ടിയില്‍ ആഞ്ഞടിച്ചു വൈദ്യുതി ബന്ധം വേര്‍പ്പെടുത്തി. അതോടെ നാലു പേരും രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ധന്യയ്ക്ക് ശുഭ പ്രഥമശുശ്രൂഷ നല്കിയ ശേഷം ഒളരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്വൈതിന്റെ ഒറ്റയേറില്‍ രക്ഷപ്പെട്ടത് നാലു ജീവനുകളാണ്.മണലൂര്‍ ഗവ. ഹൈസ്ക്കുളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അദ്വൈത്.
Discussion about this post