ആലപ്പുഴ; കൊറോണയില്ലെന്ന് പറഞ്ഞ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും വീട്ടിലേക്ക് പറഞ്ഞുവിട്ട യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ചെങ്ങന്നൂര്‍ നഗരസഭയില്‍ താമസിക്കുന്ന ഇരുപത്തിയാറുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നും മടങ്ങിയെത്തി ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു യുവാവ്.
ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് ഒന്‍പതിനാണ് മുംബൈയില്‍ എത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു. മേയ് 23-ന് ബസ് മാര്‍ഗം നാട്ടിലെത്തി നഗരസഭാ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായി.
ശനിയാഴ്ച പരിശോധനയ്ക്കായി ഇയാളുടെ സ്രവം എടുത്തിരുന്നു. കൊറോണ പോസിറ്റീവ് ആണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ അറിയിക്കുമെന്നും അല്ലാത്തപക്ഷം വീട്ടിലേക്ക് മടങ്ങാമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറഞ്ഞതോടെ യുവാവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
തുടര്‍ന്ന് 16 ദിവസം ക്വാറന്റീനില്‍ ജീവിതം അവസാനിപ്പിച്ച് യുവാവ് തിങ്കളാഴ്ച വൈകുന്നേരത്തോടെ അധികൃതരുടെ അനുവാദത്തോടെ സ്വന്തം കാറില്‍ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ വിളിച്ച് കൊറോണ പോസിറ്റീവ് ആണെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ ആംബുലന്‍സില്‍ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന് കൊറോണ പോസിറ്റീവായതോടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലായി. ഇയാളുടെ അമ്മ, അച്ഛന്‍, അമ്മൂമ്മ, സഹോദരന്‍ എന്നിവരോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പരിശോധനാ ഫലം വൈകിയതാണ് കൊറോണ ബാധിതനെ വീട്ടിലേക്ക് പറഞ്ഞയയ്ക്കാന്‍ കാരണം എന്നാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം.