കോഴിക്കോട്: പ്രവാസി മലയാളിയായ നിധിന്‍ ചന്ദ്രന്റെ മരണം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പൊന്നോമയുടെ മുഖം ഒരിക്കലെങ്കിലും കാണാനോ തന്റെ പ്രിയപ്പെട്ടവളോട് അവസാനയാത്ര പറയാനോ കഴിയാതെ നിധിന്‍ പ്രവാസ ലോകത്ത് വെച്ച് യാത്രയായി.
ഹൃദയാഘാതം മൂലം മരിച്ച നിധിന്‍ ചന്ദ്രന്റെ മൃതദേഹം ദുബൈയില്‍ നിന്നും നാട്ടിലെത്തിച്ചു. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. മൃതദേഹം പേരാമ്പ്രയിലെ വീട്ടിലെത്തിക്കും.
കഴിഞ്ഞദിവസമാണ് നിധിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം വിശ്രമത്തിലായിരുന്ന ആതിരയെ ബന്ധുക്കള്‍ നിധിന്റെ വിയോഗ വാര്‍ത്ത അറിയിച്ചിരുന്നില്ല. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കുമെന്ന് വിവരം ലഭിച്ചതോടെയാണ് നിധിന്റെ മരണം ഇന്നലെ രാത്രിയോടെ ആതിരയെ അറിയിച്ചത്.
കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്റെ മകനാണ് നധിന്‍. കേരള ബ്ലഡ് ഗ്രൂപ്പിന്റ യു.എ.ഇയിലെ കോര്‍ഡിനേറ്ററും കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു നിധിന്.
Discussion about this post