മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ നിന്നും മുങ്ങി; നാട്ടിലെത്തിയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലിരിക്കെ ചാടിപ്പോയ യുവാവിനെ തിരികെയെത്തിച്ച് നാട്ടുകാര്‍. ഇയാള്‍ക്കെതിരെ ക്വാറന്റീന്‍ ലംഘനത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ആനാട് സ്വദേശിയായ യുവാവാണ് ചികിത്സയിലിരിക്കെ മുങ്ങിയത്. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ ബസില്‍ യാത്ര ചെയ്താണ് നാട്ടിലെത്തിയത്.

ഏകദേശം 22 കിലോമീറ്ററോളം ഇദ്ദേഹം ബസില്‍ സഞ്ചരിച്ചുകാണും എന്നാണ് കണക്കാക്കുന്നത്. ആനാട് ബസിറങ്ങിയ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ കടന്നുകളഞ്ഞത് എന്നാണ് അധികൃതരെ കുഴക്കുന്നത്. കോളജില്‍ നിന്ന് ബസിലാണ് ഇദ്ദേഹം നാട്ടിലെത്തിയത് എന്നതിനാല്‍ തന്നെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറഞ്ഞു. രണ്ട് ബസ് കയറിയാണ് രോഗി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് കടന്നുപോയതെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Exit mobile version