കൊച്ചി: എറണാകുളം കോലഞ്ചേരി ഊരമനയില്‍ ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയ്യാറാക്കിയ വീട് അടിച്ച് തകര്‍ത്തു. മുംബൈയില്‍ നിന്നെത്തിയ യുവാവിനായാണ് ബന്ധുക്കള്‍ വീട് ഏര്‍പ്പാടാക്കിയിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. വീട് ക്വാറന്റീന്‍ സെന്ററാക്കുന്നത് എതിര്‍ക്കുന്ന സംഘമാണ് ആക്രമണം നടത്തിയത്.
മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് നാട്ടിലെത്തുമ്പോള്‍ താമസിക്കാനായാണ് വീട്ടുകാര്‍ മറ്റൊരു ഒഴിഞ്ഞ വീട് പ്രത്യേകമായി തയ്യാറാക്കിയത്. യുവാവ് താമസിക്കാനായി എത്തുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി അക്രമണം നടത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബള്‍ബുകളും ഇതര സാധനങ്ങളും ഊരി കിണറ്റിലിടുകയും ചെയ്തു. വീട്ടിലെ മറ്റ് സാമഗ്രികള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
സമീപത്ത് കാര്യമായി വീടുകള്‍ ഇല്ലാത്ത പ്രദേശം തെരഞ്ഞെടുത്താണ് യുവാവിനെ ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതെങ്കിലും ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എല്ലാത്തരം മുന്‍കരുതലുകളോടെയുമാണ് വീട് ഏര്‍പ്പാടാക്കിയതെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി. ഇതോടെ രാമമംഗലം പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്നും യുവാവിന് സുരക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു.