സംസ്ഥാനത്തെ പത്ത് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു; ആശങ്ക ഒഴിയാതെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ 10 പ്രദേശങ്ങളെ കൂടി കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 158 ആയി.

അതെസമയം സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,153 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 2,02,240 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1913 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version