തിരുവനന്തപുരം: ഹൈക്കോടതി സർക്കാർ ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്നും പുതിയ ത്തരവ് സർക്കാർ ഇറക്കുന്നതുവരെ സ്വകാര്യ ബസുകളിൽ കൂടിയ നിരക്ക് ഈടാക്കരുതെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ.
സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താൽക്കാലിക സ്റ്റേ മാത്രമാണ് നൽകിയതെന്നും മന്ത്രി പ്രതികരിച്ചു. 50 ശതമാനം യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന സമയത്താണ് ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള ആനുകൂല്യം നൽകിയത്. മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർജ് കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബസ് ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ പറഞ്ഞത് ബസ് ചാർജ് വർധനയെക്കുറിച്ച് സർക്കാർ ആലോചിക്കുമെന്നാണ്. എന്നാൽ കോവിഡ് ഘട്ടത്തിൽ ചാർജ് വർധനയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന പശ്ചാത്തലത്തിൽ ചാർജ് വർധന പിൻവലിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.