കോഴിക്കോട്: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവുമായി എംപി കെ മുരളീധരൻ. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുമ്പോൾ വ്യാപിക്കാത്ത കൊറോണ, അമ്പലങ്ങളിലും പള്ളികളിലും പ്രസാദം നൽകുമ്പോൾ വ്യാപിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു. ആരാധനാലയങ്ങൾ തുറക്കുമ്പോൾ ഭക്തർക്ക് അവരുടെ ആചാരങ്ങൾക്ക് അനുസരിച്ച് ആരാധന നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അതതു മതാചാര്യൻമാരുമായി സംസ്ഥാന സർക്കാർ ചർച്ച ചെയ്യണം.
ബിജെപിയും സംഘപരിവാർ സംഘടനകളും ആരാധനാലയങ്ങൾ തുറക്കുന്നതിനെ എതിർക്കുന്നത് എല്ലാത്തിലും രാഷ്ട്രീയം കാണുന്നതിനാലാണെന്ന് മുരളീധരൻ ആരോപിച്ചു.
ശബരിമല പ്രശ്‌നത്തിലെന്ന പോലെ ഇവിടെയും വിഭജന രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്‌സിനുമുന്നിൽ സ്റ്റീൽ എംപ്ലോയീസ് യൂണിയൻ നടത്തിയ പ്രതീകാത്മക ആത്മഹത്യ സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.