കോട്ടയം: പട്ടിണിയിലായ ഭാര്യയെയും മക്കളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ച ശേഷം ഹോട്ടല്‍ ജീവനക്കാരന് ജീവനൊടുക്കി. വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യ(55)യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
14 വര്‍ഷമായി ഹോട്ടലില്‍ സപ്ലയറായി ജോലി ചെയ്യുകയായിരുന്നു രാജു. ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. നാല് മാസമായി വീട്ടു വാടക കൊടുക്കാനായിട്ടില്ല. മക്കളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വന്നതും രാജുവിനെ തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
തറവാട്ടില്‍ പോയി അമ്മയെ കണ്ട ശേഷം രാജു തൊട്ടടുത്ത മുറിയില്‍ ജീവനൊടുക്കുകയായിരുന്നു. വെള്ളാശേരിയിലെ തറവാട്ടില്‍ സഹോദരനോടൊപ്പമാണ് രാജുവിന്റെ അമ്മ അന്നമ്മയുടെ താമസം.ഒരു വര്‍ഷമായി അന്നമ്മ തളര്‍ന്നു കിടപ്പിലാണ്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ അന്നമ്മയല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.
ഈ സമയത്താണ് രാജു ആത്മഹത്യ ചെയ്തത്. പുറത്ത് പോയിരുന്ന അനുജന് സന്തോഷ് തിരിച്ചെത്തിയപ്പോഴാണ് രാജുവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രാജുവിന്റെ പോക്കറ്റില്‍ നിന്നും മുഖ്യമന്ത്രിക്ക് എഴുതിയ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്.
‘ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാന്‍ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാന്‍ സഹായിക്കണം, കൈയൊഴിയരുത്’- എന്നാണ് കത്തില്‍ രാജു അവസാനമായി കുറിച്ചിരുന്നത്.
രാജുവും ഭാര്യ ഷീലയും എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എയ്ഞ്ചലും നാലാം ക്ലാസുകാരനായ ഇമ്മാനുവലും എട്ടു വര്‍ഷമായി കെഎസ്പുരം അലരിയില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ഷീലയുടെ സ്വര്‍ണം വിറ്റ് ഏഴ് സെന്റ് സ്ഥലം വാങ്ങിയിരുന്നു. വീടു വയ്ക്കാന്‍ സാമ്പത്തിക സഹായത്തിന് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിട്ടില്ല.
ജോലി നഷ്ടപ്പെട്ട നിരാശയും സാമ്പത്തിക പ്രശ്നങ്ങളും പട്ടിണിയും സഹിക്കാനാവാതെയാണ് രാജു ജീവനൊടുക്കിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. സംസ്കാരം ഇന്ന് രണ്ടിന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.
Discussion about this post