ന്യൂഡല്‍ഹി: പികെ ശശി എംഎല്‍എയ്ക്കെതിരെയുളള ലൈംഗിക പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് അധ്യക്ഷ രേഖാ ശര്‍മ്മ. എന്നാല്‍
കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ പരാതിക്കാരി തയാറാകുന്നില്ലയെന്നും അവര്‍ പറഞ്ഞു.യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തയാറാകാത്തതും വിചിത്രമാണെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പികെ ശശിക്കെതിരെയുളള നടപടികളുമായി മുന്നോട്ട് പോകുമെന്നും രേഖശര്‍മ്മ വ്യക്തമാക്കി. ലൈംഗികാതിക്രമ പരാതിയില്‍ പികെ ശശി എംഎല്‍എയെ ആറു മാസത്തേക്ക് സിപിഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ക്രിസ്ത്യന്‍ സന്യാസസഭകളില്‍ കന്യാസ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്നും അധ്യക്ഷ രേഖ ശര്‍മ അഭിപ്രായപ്പെട്ടു. എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി കൊണ്ടുവരണമെന്നും, മതസ്ഥാപനങ്ങളിലും ഇത്തരം കമ്മിറ്റികള്‍ വേണമെന്നും രേഖ ശര്‍മ്മ ആഭിപ്രായപ്പെട്ടു.
അതോടൊപ്പം ഫ്രാങ്കോ മുളക്കലിന്റെ ചിത്രങ്ങളുള്ള കലണ്ടര്‍ വീട്ടില്‍ തൂക്കിയത് പീഡനക്കേസില്‍പ്പെട്ട പ്രതികളെ മഹത്വവത്ക്കരിക്കുന്നതിനു തുല്യമാണ് അവര്‍ പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീ ഇപ്പോഴും സുരക്ഷിതായല്ലെന്നതിന് ഇത് തെളിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.