തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ജൂലായ് 31 വരെയാണ് ട്രോളിങ് നിരോധനം. മത്സ്യോല്‍പ്പാദനം വര്‍ധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിങ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയന്-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അഭ്യര്‍ഥിച്ചു.
കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് 2016-17ല്‍ 4.88 ലക്ഷം ടണ്ണായിരുന്ന സമുദ്ര മത്സ്യോല്‍പ്പാദനം 2019-20ല്‍ 6.09 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ട്രോളിങ് നിരോധനം നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മത്സ്യ ബന്ധനത്തിനായി കടലില്‍പ്പോയ എല്ലാ ബോട്ടുകളും ഇന്ന് അര്ധരാത്രിക്കുമുമ്പ് തിരിച്ചെത്തണമെന്നും ഇതരസംസ്ഥാന ബോട്ടുകള്‍ കേരളതീരം വിട്ടുപോകണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ട്രോളിങ് സമയത്തുള്ള പട്രോളിങ്ങിനും കടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇരുപത് സ്വകാര്യ ബോട്ടുകള്‍ ഉപയോഗിക്കും. ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനം ഇന്ന് രാത്രി അവസാനിക്കും. ട്രോളിങ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മറൈന്‍ ആംബുലന്‍സ് ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post