തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങൾക്കെല്ലാം സഹായം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
രോഗ വ്യാപനത്തിന്റെ തോത് കേരളത്തിൽ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ തിരക്ക് പിടിച്ച് ക്ഷേത്രങ്ങൾ തുറക്കുന്നതിനേക്കാൾ സർക്കാർ മുൻഗണന നൽകേണ്ടത് ക്ഷേത്രങ്ങളെ സഹായിക്കാനാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധിക്കാലത്ത് കേരളത്തിൽ ആയിരക്കണക്തിന് ക്ഷേത്രങ്ങൾക്കാണ് വരുമാനം നിലച്ചത്. ഇവിടങ്ങളിലെ ജീവനക്കാർ പട്ടിണിയിലാണ്. എല്ലാവരെയും സഹായിക്കുന്നു എന്ന് പറയുന്ന പിണറായി സർക്കാർ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. വരുമാനം നിലച്ച ക്ഷേത്രങ്ങൾക്കും അവിടത്തെ ജീവനക്കാർക്കും സാമ്പത്തിക സഹായം നൽകാൻ അടിയന്തര തീരുമാനമുണ്ടാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങൾ വീണ്ടും വിശ്വാസികൾക്കായി തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സർക്കാർ ഹൈന്ദവ നേതാക്കളുടെ യോഗം വിളിച്ചെങ്കിലും ക്ഷേത്രസംരക്ഷണ സിമിതി പോലെയുള്ള പ്രധാനപ്പെട്ട സംഘടനകളെ ഒഴിവാക്കി. മറ്റ് പല സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചതുമില്ല. എല്ലാവരെയും ഉൾക്കൊള്ളിച്ചും പങ്കാളിത്തം ഉറപ്പാക്കിയും സംസ്ഥാനത്തെ വിവിധ ഹിന്ദു സംഘടനാ നേതാക്കളുടെയും ആചാര്യ ശ്രേഷ്ഠരുടേയും യോഗം അടിയന്തരമായി മുഖ്യമന്ത്രി വിളിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാർ എല്ലാ മേഖലയിലും വലിയതോതിൽ നിയന്ത്രണങ്ങളിൽ അയവുവരുത്തിയിരിക്കുന്നു. നമ്മൾ ഗുരുതരാവസ്ഥയിലായിക്കഴിഞ്ഞതിനാൽ ഇനിയെന്തുമാകട്ടെ എന്നതാണ് സർക്കാർ നിലപാട്. ഭീതിതമായ ഈ സ്ഥിതി നേരിടാൻ നിയന്ത്രണങ്ങൾ തുടരണമെന്ന വിദഗ്ധാഭിപ്രായം സർക്കാർ മാനിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.