കണ്ണൂർ: എട്ടുമാസം മുമ്പ് സ്‌കൂളിലെ കലോത്സവ ദിവസം പിടിച്ചുവെച്ച ഫോൺ അധ്യാപകൻ തിരിച്ചുതരുന്നില്ലെന്ന് പരാതിപ്പെട്ട വീട്ടമ്മയ്ക്ക് എതിരെ സൈബർ ആക്രമണവുമായി ഒരു കൂട്ടർ. തനിക്ക് എതിരെ സൈബർ ആക്രമണം നടക്കുന്നതായി ചൂണ്ടിക്കാണിച്ച് സമീറ പോലീസിൽ പരാതി നൽകി. കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂൾ പ്രധാന അധ്യാപകൻഫോൺ ഫോൺ പിടിച്ചു വച്ച സംഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ തന്നെയും മകളെയും വ്യക്തിഹത്യ നടത്തുന്നതായാണ് സമീറയുടെ പരാതി.
സമീറ കണ്ണപുരം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. അധ്യാപകനെ പിന്തുണക്കുന്നവരാണ് സമൂഹമാധ്യമങ്ങളിൽ തങ്ങളെ മോശമായി ചിത്രീകരിക്കുന്നതെന്ന് ഇവർ പറയുന്നു. മഹമൂദ് ഷാ, ജലീൽ സിറ്റിസൺ എന്നിവർക്കും പോസ്റ്റുകൾ ഇട്ട മറ്റുള്ളവർക്കെതിരെയുമാണ് സമീറയുടെ പരാതി. തനിക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഓഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്നു എന്ന് വീട്ടമ്മ സ്വകാര്യമാധ്യമത്തോട് പ്രതികരിച്ചു.
എട്ടുമാസം മുമ്പ് സ്‌കൂളിൽ പിടിച്ചു വച്ച മൊബൈൽ ഫോൺ ഇളയ മകന്റെ ഓൺലൈൻ പഠനത്തിനെങ്കിലും തിരികെ നൽകാത്തതിനെ തുടർന്നായിരുന്നു സമീറ പരാതിയുമായി മുന്നോട്ട് വന്നത്. പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കന്ററി സ്‌കൂൾ പ്രധാന അധ്യാപകൻ സുബൈറാണ് വിദ്യാർത്ഥിനിയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങിയത്. സംഭവം വാർത്തയായതോടെ ജില്ലാപോലീസ് മേധാവി യതീഷ് ചന്ദ്രയും കല്യാശ്ശേരി എംഎൽഎ ടിവി രാജേഷും സംഭവത്തിൽ ഇടപെട്ടിരുന്നു. ഇതേതുടർന്ന് ഇടപെട്ടതോടെ ഫോൺ തിരികെ നൽകുമെന്നും പ്രധാനധ്യാപകന് പിഴവ് പറ്റിയെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
Discussion about this post