കോട്ടയം: ബി.കോം അവസാന സെമസ്റ്റർ വിദ്യാർത്ഥിനി അഞ്ജു പി ഷാജിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി കോളേജ് അധികൃതർ. വിദ്യാർത്ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് പാലാ ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥിനി ഹാൾടിക്കറ്റിന്റെ പിറകിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്നെന്നും അധികൃതർ പറഞ്ഞു. അഞ്ജുവിന്റെ പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങളും കോപ്പി എഴുതിയ ഹാൾടിക്കറ്റും കോളേജ് അധികൃതർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
കോളേജിനെതിരേയുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു. പെൻസിൽ ഉപയോഗിച്ചാണ് ഹാൾടിക്കറ്റിന് പിറകിൽ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50 നാണ് കുട്ടിയിൽനിന്നും പാഠഭാഗങ്ങൾ എഴുതിയ ഹാൾടിക്കറ്റ് പിടിച്ചെടുത്തത്. പരീക്ഷാഹാളിൽനിന്ന് ഒരു മണിക്കൂർ കഴിയാതെ വിദ്യാർത്ഥിയെ പുറത്തിറക്കാനാവില്ല. അതിനാലാണ് അൽപസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയത്.
പെൺകുട്ടിയോടും അവരുടെ ബന്ധുക്കളോടും പ്രിൻസിപ്പാളോ അധ്യാപകരോ മോശമായി സംസാരിച്ചിട്ടില്ല. കുട്ടിയോട് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്താൻ പറഞ്ഞതിന് പിന്നാലെയാണ് കോളേജിൽനിന്ന് ഇറങ്ങിപ്പോയതെന്നും അവർ പറഞ്ഞു. വിദ്യാർത്ഥിനി ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്ത് മണിക്ക് പോലീസിൽ നിന്നാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്നാണ് കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും വിശദീകരിക്കുന്നത്. പ്രൈവറ്റ് വിദ്യാർത്ഥിയായതിനാൽ കുട്ടിയെക്കുറിച്ച് കൂടുതലായും ഒന്നുമറിയില്ലായിരുന്നു. സംഭവത്തിൽ സർവകലാശാല അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. എംജി സർവകലാശാല വിശദീകരണം തേടിയതിൽ കൃത്യമായ മറുപടി നൽകുമെന്നും ബിവിഎം ഹോളിക്രോസ് കോളേജ് മാനേജ്‌മെന്റ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Discussion about this post