കോട്ടയം: പാലായില്‍ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഉത്തരവാദി ബിവി എം ഹോളിക്രോസ് കോളേജ് അധികൃതരും പ്രിന്‍സിപ്പാളുമാണെന്ന് ആരോപിച്ച് പിതാവ് ഷാജി രംഗത്ത്. തന്റെ മകളുടെ മരണം കൊലപാതകമാണെന്നും കോളേജ് പ്രിന്‍സിപ്പാളാണ് തന്റെ കൊച്ചിനെ കൊന്നതെന്നും മരിച്ച അഞ്ജുവിന്റെ ഷാജി ആരോപിച്ചു.
‘എന്റെ കൊച്ചിനെ കൊന്നത് കോളേജ് പ്രിന്‍സിപ്പാളാണ്. മകള്‍ ഒരിക്കലും കോപ്പിയടിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എന്നെ വിളിച്ച് പറയാമായിരുന്നു. ഞാന്‍ വന്ന് അവളെ കൊണ്ടുപോകുമായിരുന്നില്ലേ…’ ഷാജി പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
നന്നായി പഠിക്കുന്ന മകള്‍ പരീക്ഷ്ക്ക് കോപ്പിയടിക്കില്ല. ഹാള്‍ ടിക്കറ്റില്‍ കോപ്പി എഴുതിയെന്നാണ് പറയുന്നത്, ആരെങ്കിലും വിശ്വസിക്കുമോയെന്നും അഞ്ജുവിന്റെ പിതാവ് ചോദിച്ചു. മകളുടെ മരണത്തില്‍ പ്രിന്‍സിപ്പാളിന്റെ പങ്ക് അന്വേഷിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
അതേസമയം, കോളേജ് പ്രിന്‍സിപ്പാളിനെതിരെ അഞ്ജുവിന്റെ ബന്ധുക്കളും രംഗത്തെത്തി. അഞ്ജുവിന്റെ കൈയില്‍നിന്ന് പരീക്ഷാപേപ്പര്‍ പിടിച്ചുപറിക്കുന്നത് സിസിടിവിയില്‍ കാണാമെന്ന് ബന്ധുക്കളും ആരോപിച്ചു. മൃതദേഹം പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് കൊണ്ടുപോയതും പിതാവിനെ കാണിക്കാതിരുന്നതും ദുരൂഹമാണെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്ന അഞ്ജുവിന് കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം നല്ല മാര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന പാരലല്‍ കോളേജിലെ അദ്ധ്യാപകരും ഇത് ശരിവെക്കുന്നുവെന്നും കോപ്പിയടി സ്ഥാപിക്കാന്‍ മൃതദേഹത്തില്‍ പേപ്പറുകള്‍ തിരുകിവെയ്ക്കുമെന്ന് ആശങ്കയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതര്‍ നല്കുന്ന വിശദീകരണം. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കോളേജ് അധികൃതര്‍ പറയുന്നു.
കഴിഞ്ഞദിവസം കാണാതായ അഞ്ജുവിന്റെ മൃതദേഹം പാലാ ചേര്‍പ്പുങ്കല്‍ മീനച്ചിലാറ്റിലാണ് കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് പിടികൂടിയതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച് വീട്ടുകാരും ട്യൂഷന് അദ്ധ്യാപകനും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ മാതാപിതാക്കളും പെണ്‍കുട്ടി പഠിച്ച കോളേജ് അധികൃതരും പറയുന്നത്.
Discussion about this post