കോട്ടയം: മീനച്ചിലാറ്റിൽ ബി.കോം അവസാന സെമസ്റ്റർ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളേജിനെതിരെ പ്രതികരിച്ച് സഹപാഠികൾ. അഞ്ജു പി ഷാജി നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നെന്നും കോപ്പി അടിച്ചെന്ന അധ്യാപകരുടെ മൊഴി വിശ്വസിക്കാനായില്ലെന്നും സഹപാഠികൾ സ്വകാര്യമാധ്യമത്തോട് പ്രതികരിച്ചു.
അഞ്ജു ഹാൾടിക്കറ്റിൽ കോപ്പി എഴുതിക്കൊണ്ടുവന്നതായാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ ആരോപിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ പറഞ്ഞു. നല്ലരീതിയിൽ പഠിക്കുന്ന കുട്ടിയായതിനാൽ തങ്ങൾക്ക് അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. പ്രിൻസിപ്പാളും അധ്യാപകരും ഹാളിലെത്തി വിദ്യാർത്ഥിനിയോട് അരമണിക്കൂറോളം ദേഷ്യപ്പെട്ടു. ഉത്തരമെഴുതുന്ന ബുക്ക്‌ലെറ്റുകളും മറ്റും വാങ്ങിവെച്ചു. തുടർന്ന് അല്പസമയം ഹാളിനകത്ത് പരീക്ഷ എഴുതാതെ ഇരുന്നതിന് ശേഷമാണ് വിദ്യാർത്ഥിനി ഇറങ്ങിപ്പോയതെന്നും ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ പറഞ്ഞു.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലൽ കോളേജിലെ ബികോം വിദ്യാർത്ഥിയായിരുന്ന അഞ്ജു പി ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ജുവിന് ചേർപ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സർവകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്‌തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയെ കാണാതായത്.
അഞ്ജുവിന്റെ ബാഗും കുടയും ചേർപ്പുങ്കൽ പാലത്തിൽ കണ്ടതിനെത്തുടർന്നാണ് അഗ്‌നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും കഴിഞ്ഞദിവസം മുതൽ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബിവിഎം ഹോളിക്രോസ് കോളേജിന് മൂന്ന് കിലോമീറ്റർ അകലെ മീനച്ചിലാറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
Discussion about this post