തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ തുറക്കാനുള്ള അനുമതി നൽകിയ സംസ്ഥാന സർക്കാരിനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ഐഎംഎ എതിർത്തിട്ടും ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നതിന്റെ പിന്നിൽ ദുരൂഹതയെന്ന് അദ്ദേഹം ആരോപിച്ചു. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താൽപ്പര്യമാണെന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു.
ഹിന്ദു സംസ്കാരമനുസരിച്ച് ഈശ്വരൻ തൂണിലും തുരുമ്പിലുമുണ്ട്. ഈശ്വരപ്രാർത്ഥന വ്യക്തിപരമാണ്. സമൂഹ പ്രാർത്ഥന ക്ഷേത്രങ്ങളിൽ ഹൈന്ദവ ആചാരപ്രകാരം ഇല്ല. ഗുരുവായൂരും ശബരിമലയും പോലെ സമ്പാദ്യമുള്ള ക്ഷേത്രങ്ങളിൽ നിന്ന് കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളെ സഹായിക്കണം. അല്ലാതെ കയ്യിട്ട് വാരി സർക്കാർ ഫണ്ടിലേക്ക് മാറ്റുകയല്ല വേണ്ടത്.
അധികാരികൾക്ക് ശമ്പളവും കിമ്പളവും കിട്ടാനും നേടാനുമുള്ള ധൃതിയാണ് ദേവസ്വങ്ങളുടെ താൽപര്യമെന്നും, തബ് ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഹിഡൻ അജണ്ട സർക്കാർ ഉത്തരവിന് പിന്നിലുണ്ടോ എന്നും സംശയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
Discussion about this post