തിരുവനന്തപുരം: സർക്കാർ ക്വാറന്റൈൻ ഒഴിവാക്കുന്നതിനെ സംബന്ധിച്ച് പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്ന് മന്ത്രി വിശദീകരിച്ചു. വിദേശത്തു നിന്ന് വരുന്നവരുടെ വീടിനെ കുറിച്ച് തദ്ദേശ പ്രതിനിധികൾ വഴി അന്വേഷിക്കും. സൗകര്യങ്ങളില്ലാത്തവർക്ക് മാത്രം സർക്കാർ ക്വാറന്റൈൻ സൗകര്യം ഉറപ്പാക്കും. അതാണ് പ്രായോഗികമായി നടപ്പാക്കാൻ പറ്റുന്നതെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെ ഇല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പത്ത് ശതമാനം പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത്. അത് നിയന്ത്രിക്കാൻ സാധിച്ചാൽ കൊവിഡ് നിരക്ക് കുറയ്ക്കാൻ സാധിക്കും. അതിന് സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മാസ്ക്ക് കൃത്യമായി ധരിക്കണം. ധരിക്കുന്ന മാസ്ക്ക് വൃത്തിയായി സൂക്ഷിക്കണം. രോഗം ആർക്കും വരാമെന്നും ജാഗ്രതയാണ് ആവശ്യമെന്നും ആരോഗ്യ മന്ത്രി ഓർമ്മിപ്പിച്ചു. സർക്കാർ നിർദേശം പാലിച്ചാൽ മരണ നിരക്ക് കുറയ്ക്കാൻ കഴിയും. പ്രായമായവർ മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന ആളുകളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെകെ ശൈലജ പറഞ്ഞു.
തൃശ്ശൂരിൽ മരിച്ചയാളുടെ പരിശോധന ഫലം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വന്നിട്ടില്ല. 10,000 കിറ്റ് മാത്രമാണ് ഇപ്പോ ആന്റി ബോഡി ടെസ്റ്റിന് ലഭിച്ചിട്ടുള്ളൂ. 50,000 കിറ്റിന് മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വഴി ഓർഡർ ചെയ്തു. ആരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിവരിനിന്നും സാമ്പിൾ എടുക്കുമെന്നും മന്ത്രി വിശദീകരിച്ചു.
Discussion about this post