മലപ്പുറം: കരുവാരക്കുണ്ട് ആർത്തലക്കുന്നിൽ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചികിത്സ വിഫലമാക്കി ചെരിഞ്ഞു. കഴിഞ്ഞ ദിവസം ആനയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടിരുന്നുവെങ്കിലും ഇന്ന് രാവിലെയോടെ ചെരിയുകയായിരുന്നു. ആർത്തലക്കുന്നിലെ ജനവാസമേഖലയിൽ ഒരാഴ്ചത്തോളമായി കാണപ്പെട്ട കാട്ടാനയാണ് ചെരിഞ്ഞത്. പരിക്കേറ്റ നിലയിൽ അവശ നിലയിലായിരുന്ന ഇതിനെ കാട്ടിലേക്ക് തിരികെ അയയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
തുടർന്ന് ജൂൺ നാലിനാണ് ആനയ്ക്ക് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ചികിത്സ ആരംഭിച്ചത്. ആനയെ നിരീക്ഷിക്കാൻ വനപാലകരുടെ നേതൃത്വത്തിൽ കാവലും ഏർപ്പെടുത്തിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ആന വെള്ളം കുടിക്കാൻ ആരംഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രനാഥ്, ചീഫ് ഫോറസ്റ്റ് വെറ്റനറി സർജൻ ഡോ. അരുൺ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരുവാരക്കുണ്ടിലെത്തി ആനയ്ക്ക് ചികിത്സ നൽകിയിരുന്നു.
മറ്റാനകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ആനയ്ക്ക് വായിലും ഉദരത്തിലും പരിക്കേറ്റിരുന്നത്. ഇതിനനുസരിച്ച് ചികിത്സ നൽകിക്കൊണ്ടിരിക്കെയാണ് ആന മരണത്തിന് കീഴടങ്ങിയത്. ആന ചെരിഞ്ഞതിനെ തുടർന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തും.
Discussion about this post