കൊച്ചി: സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ ആങ്ങള പട്ടാപ്പകല്‍ വെട്ടി വീഴ്ത്തി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവ (19)നെ അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ ബേസില്‍ എല്‍ദോസ് (22) ആണ് വെട്ടി വീഴ്ത്തിയത്.
പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചായിരുന്നു ആക്രമണം. വെട്ടേറ്റ അഖിലിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എറണാകുളത്തു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടമൊബീല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് അഖില്‍. അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസില്‍ ശക്തമായി എതിര്‍ത്തിരുന്നു.
ഈ ബന്ധം ഒഴിവാക്കണമെന്ന് ഇരുവരോടും ബേസില്‍ പല തവണ പറഞ്ഞിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വയവെയ്ക്കാതെ ഇരുവരും ബന്ധം തുടര്‍ന്നു. ഇവരുടെ അടുപ്പം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ബേസില്‍ അഖിലിനെ ആക്രമിച്ചത്.മാസ്ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരന് വിളിച്ചിറക്കി.
അടുത്തേക്ക് ചെന്നപ്പോള്‍ വടിവാളുകൊണ്ട് കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. കഴുത്തിനും ഇടത് കൈപ്പത്തിക്കു മുകളിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖിലിന്റെ അമ്മാവന്റെ മകന് അരുണ്‍ ബാബുവിനും പരിക്കുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബേസിലിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
Discussion about this post