മുംബൈ: കേരളത്തില്‍ നിന്ന് 30 നഴ്‌സുമാര്‍ മുംബൈയിലേക്ക്. കോവിഡ് പ്രതിരോധത്തിന് ആക്കംകൂട്ടാനാണ് കേരളത്തില്‍നിന്ന് നഴ്‌സുമാര്‍ മുംബൈയിലേക്ക് പുറപ്പെടുന്നത്. നഴ്‌സുമാരെ കൊണ്ടുപോകാനുള്ള പ്രത്യേക ബസ് മുംബൈയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ടിരുന്നു.
തിങ്കളാഴ്ച നഴ്‌സുമാര്‍ മുംബൈയിലേക്ക് തിരിക്കും. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് തിരിക്കുന്ന ബസ് മറ്റു ജില്ലകളിലുള്ളവരെയും കയറ്റിയശേഷം ബുധനാഴ്ച മുംബൈയിലെത്തും. മുംബൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയും സ്ഥിതി രൂക്ഷമായി തുടരുകയുമാണ്.
ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള കൂടുതല്‍ നഴ്‌സുമാരുടെ സഹായം ലഭ്യമാക്കുന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിച്ച് ജോലിവിട്ട് നാട്ടിലേക്കുപോയവരും മുംബൈയിലേക്ക് പുറപ്പെട്ട നഴ്‌സുമാരുടെ കൂട്ടത്തിലുണ്ട്.
നഗരത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം മുംബൈ അന്ധേരിയിലെ സെവന്‍ഹില്‍സ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് സംഘമെത്തിയത്.
ഇവരുടെ നിര്‍ദേശമനുസരിച്ചാണ് കേരളത്തില്‍നിന്നുള്ള നഴ്‌സുമാരുടെ സംഘം ഇപ്പോള്‍ മുംബൈയിലേക്കെത്തുന്നത്. സെവന്‍ ഹില്‍സ് ആശുപത്രിയിലെ ഐ.സി.യു. കിടക്കകള്‍ മുഴുവന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മാത്രം 450-ഓളം നഴ്‌സുമാരും 150-ഓളം ഡോക്ടര്‍മാരും ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post