പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുവടക്കം അഞ്ചുപേര്‍ പിടിയില്‍. 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത്.
പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് രാത്രിയില്‍ തന്നെ അതിവിദഗ്ധമായി തട്ടിക്കൊണ്ടുപോയ സംഘത്തെ കുടുക്കുകയായിരുന്നു. പെരുമ്പാവൂരില്‍ നിന്നാണ് സംഘത്തെ പുലര്‍ച്ചെയോടെ പിടികൂടിയത്. ഇവരോടൊപ്പം കര്‍ണാടക രജിസ്ട്രേഷനിലുള്ള ഒരു കാറും മറ്റൊരു വാഹനവും കസ്റ്റഡിയിലെടുത്തു. കര്‍ണാടക രജിസ്ട്രേഷന് കാറില്‍ നിന്നും മുദ്രപത്രം, വടിവാള്‍ എന്നിവ കണ്ടെടുത്തു.
മൈസൂരിലുള്ള ഗുണ്ടാസംഘമാണ് സംഭവത്തിലുള്‍പ്പെട്ടവരെന്നു കരുതുന്നു. പത്തനംതിട്ട പോലീസ് കസ്റ്റഡിയിലുള്ള സംഘത്തെ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഘത്തിലുള്ള ഒരാളെ കൂത്താട്ടുകുളത്തുനിന്നും മറ്റുള്ളവരെ പെരുമ്പാവൂരില്‍ നിന്നുമാണ് പിടികൂടിയത്.
കുട്ടിയുമായി കര്‍ണാടകയിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം. തട്ടിക്കൊണ്ടുപോകലിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബന്ധുവുമായുള്ള സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ ക്വട്ടേഷന്‍ നല്‍കിയാണ് വിദ്യാര്‍ഥിയെ തട്ടിയെടുത്തതെന്നാണ് സംശയം. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കുട്ടിയെ വധിക്കുമെന്നായിരുന്നു ഭീഷണി.
Discussion about this post