തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റിയാട്ടൂർ, പാലക്കാട് ജില്ലയിലെ കൊടുവായൂർ, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്ത് നിലവിൽ ആകെ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
അതേസമയം, ഇന്ന് സംസ്ഥാനത്ത് പുതുതായി 107 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്തും തൃശ്ശൂരുമാണ്. മലപ്പുറം ജില്ലയിൽ 27 പേർക്കും തൃശ്ശൂരിൽ 26 പേർക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 6 പേർക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസർകോട് ജില്ലകളിൽ 3 പേർക്ക് വീതം, കണ്ണൂർ 2, ഇടുക്കി ജില്ലയിൽ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യുഎഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാൻ-2, ഖത്തർ-1, ഒമാൻ-1, ഇറ്റലി-1) 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-15, തമിഴ്നാട്-7, ഡൽഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പർക്കത്തിലൂടെ 8 പേർക്കാണ് രോഗം ബാധിച്ചത്. തൃശ്ശൂർ ജില്ലയിലെ 3 പേർക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേർക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തൃശൂർ ജില്ലയിൽ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂർ സ്വദേശി) ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേർ രോഗമുക്തരായി.
Discussion about this post