മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച സംഭവം: മോഷ്ടാവ് കൂടിയായ മുഖ്യസൂത്രധാരൻ പെരുമ്പാവൂരിൽ പിടിയിൽ

ആലുവ: മലയാള ചിത്രം മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. കേസിൽ രണ്ടാം പ്രതിയായ കാലടി സ്വദേശി കൃഷ്ണദാസാണ് പിടിയിലായത്. പെരുമ്പാവൂരിൽ വെച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നിരവധി മോഷണകേസുകളിൽ പ്രതിയാണ് കൃഷ്ണദാസെന്നാണ് വിവരം. എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ കൊരട്ടിയിൽ കേസ് നിലവിലുണ്ട്. മാരാകായുധങ്ങൾ കൈവശം വെച്ചതിന് കാലടി സ്‌റ്റേഷനിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നേരത്തെ, മിന്നൽ മുരളിയുടെ സെറ്റ് തകർത്ത കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ കാപ്പ ചുമത്താനും സാധ്യതയുണ്ട്. മതസ്പർധ ഉണ്ടാക്കാനുള്ള ശ്രമം, എപ്പിഡമീസ് ഡിസീസ് ഓർഡിനൻസ്, സ്വത്ത് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സെറ്റ് പൊളിക്കലിന് നേതൃത്വം നൽകിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാരി രതീഷ് എന്നറിയപ്പെടുന്ന രതീഷ് മലയാറ്റൂരിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്നാണ് കാരി രതീഷിനെ പിടികൂടിയത്. ഇയാളുടെ പേരിൽ കൊലപാതകം അടക്കം നിരവധി കേസുകൾ നിലവിലുണ്ട്.

Exit mobile version